മാനന്തവാടി: തരുവണ ഗവ. യു.പി സ്കൂളിലെ മുൻ എൽ.പി അധ്യാപകനായിരുന്ന ഭർത്താവ് സജിത്തിനെതിരെ അയച്ച ഊമക്കത്തിനെ സംബന്ധിച്ചു അന്വേഷിക്കണമെന്ന് ഭാര്യ പി.കെ. അഞ്ജന ആവശ്യപ്പെട്ടു. ഭർത്താവ് നിലവിൽ കല്ലൂർ സ്കൂളിലാണ് ജോലി ചെയ്യുന്നത്. തരുവണ സ്കൂളിൽ ജോലി ചെയ്യുന്ന സമയത്താണ് രക്ഷിതാവ് എന്ന് തെറ്റിദ്ധരിപ്പിച്ച് മാനന്തവാടി എ.ഇ.ഒക്ക് ഊമക്കത്ത് അയച്ചത്. ഊമക്കത്തിൽ പരാമർശിക്കുന്ന കാര്യങ്ങളിൽ ഭർത്താവിന്റെ വാദം കേൾക്കാൻ എ.ഇ.ഒയോ പ്രധാനാധ്യാപകനോ തയാറായില്ല. സ്വന്തം ഇഷ്ടപ്രകാരം കല്ലൂർ സ്കൂളിലേക്ക് സ്ഥലം മാറിപ്പോയതാണെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സ്ഥലം മാറ്റം എന്നാണ് ബന്ധപ്പെട്ട രേഖകളിൽ ഉള്ളത്. ഇത് ഭർത്താവിന്റെ ഭാവിയെ ബാധിക്കും.
ഭർത്താവ് ചെയ്ത തെറ്റ് എന്തെന്നു വ്യക്തമാക്കിയാൽ ജോലി രാജിവെക്കാൻ സന്നദ്ധനാണ്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ഉൾപ്പെടെ സ്കൂളിലെത്തിക്കാൻ അക്ഷീണമായ പ്രവർത്തനമാണ് തരുവണ സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്ത് നടത്തിയത്. സ്കൂളിൽ കുട്ടികൾ കുറഞ്ഞാൽ പ്രതിസന്ധിയുണ്ടാക്കുമെന്നു മനസിലാക്കി തൂണേരി സ്കൂളിൽ പഠിക്കുന്ന സ്വന്തം കുട്ടിയേയും തരുവണ സ്കൂളിൽ കൊണ്ടു ചേർത്തിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യുന്ന സ്കൂളിൽ 97 ശതമാനവും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് പഠിക്കുന്നത്. ആത്മാർഥമായി ജോലി ചെയ്യുന്ന അധ്യാപകന്റെ മനോവീര്യം തകർക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിനെതിരേ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
ഭർത്താവ് ഇട്ട സ്റ്റാറ്റസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഊമക്കത്ത് തയാറാക്കിയത്. ശാസ്ത്രീയ പരിശോധന നടത്തി ഊമക്കത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽകൊണ്ടു വരണം. അഞ്ജനയുടെ മാതാപിതാക്കളായ പി.കെ. ശശി, പി.കെ. ശ്യാമള, ബന്ധു മനോജ് പിലാക്കാവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.