മാനന്തവാടി: ഇന്ത്യയിൽ സി.പി.എം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ നിന്ന് ബി.ജെ.പി.ക്ക് എം.പിയെ ഉണ്ടാക്കിക്കൊടുക്കുന്നതിന് വേണ്ടി തൃശൂർ പൂരം കലക്കിയ സി.പി.എമ്മിനുളള മറുപടി ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ നൽകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ബി.ജെ.പി.യും സി.പി.എമ്മും നടത്തുന്ന അന്തർധാര നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവുക. ഒണ്ടയങ്ങാടിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് വേണ്ടി തൃശൂർ പൂരം കലക്കിയതാണെന്ന് ജനങ്ങൾക്ക് അറിയാം.
അന്വഷണ റിപ്പോർട്ട് ജനങ്ങൾ അറിയേണ്ടതാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തേണ്ടത് സി.പി.എമ്മിന്റെയും സർക്കാറിന്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിയമവാഴ്ചയും ആരോഗ്യ വിദ്യാഭ്യാസ മേഖലയും പൂർണമായും പരാജയപ്പെട്ടിരിക്കയാണ്. ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഭരണകൂടത്തിന്റെ ഇടപെടൽ മൂലം പൊലീസ് നോക്കിനിൽക്കേണ്ട സ്ഥിതിയാണുള്ളത്.
ഇന്ത്യയിൽ വർഗീയതക്ക് എതിരെ പോരാടാനും വർഗീയതയുടെ ഉഗ്ര വിഷം തുപ്പുന്ന ബി.ജെ.പി.ക്കെതിരെ പ്രവർത്തിക്കാനും കോൺഗ്രസാണ് നേതൃത്വം നൽകുന്നതെന്നും സി.പി.എം. കേരളത്തിൽ പോലും ബി.ജെ.പിയെ പരസ്യമായി സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിജോ ജോസ് അധ്യക്ഷതവഹിച്ചു. നേതാക്കളായ എൻ.ഡി. അപ്പച്ചൻ, ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജയലക്ഷ്മി, ചാപ്പേരി മൊയ്തു ഹാജി, എടയ്ക്കൽ മോഹനൻ, സുനിൽ മാടപ്പള്ളി, അസീസ് കോറോം, കടവത്ത് മുഹമ്മദ്, പടയൻ മുഹമ്മദ്, അഡ്വ. എൻ.കെ. വർഗീസ്, സി.കെ. രത്നവല്ലി, പി. ചന്ദ്രൻ, അഡ്വ. എം. വേണുഗോപാൽ, എ.എം. നിഷാന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.