മാനന്തവാടി: വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സർക്കാർ കൈമലർത്തിയതോടെ അന്നമൂട്ടുന്നവരുടെ അന്നംമുട്ടുന്ന സ്ഥിതിയാണ്. മൂന്നര വർഷം മുമ്പാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 രൂപക്ക് ഊൺ ലഭ്യമാക്കുന്നതിനായി ജനകീയ ഹോട്ടൽ ആരംഭിച്ചത്.
സബ്സിഡി തുക കുടുംബശ്രീയും കറന്റ് ചാർജ് തദ്ദേശ സ്ഥാപനങ്ങളും നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഹോട്ടലുകൾ തുടങ്ങിയത്. പ്രവർത്തനം തുടങ്ങി മൂന്ന് വർഷമായിട്ടും ഒരു രൂപ പോലും സബ്സിഡി ലഭിക്കാതായതോടെ ഹോട്ടൽ നടത്തിപ്പുകാർ പ്രക്ഷോഭം നടത്തിയതോടെ 2022 വരെയുള്ള കുടിശ്ശിക നൽകി. എന്നാൽ, കഴിഞ്ഞ എട്ട് മാസത്തോളമായി കുടിശ്ശിക തുക ലഭിക്കാനുണ്ട്.
അതിനിടെ 20 രൂപ 30 രൂപയായി ഉയർത്തിയും കെട്ടിട വാടക തദ്ദേശ സ്ഥാപനങ്ങൾ നൽകണമെന്ന ഉത്തരവിറക്കിയും കുടുംബശ്രീ തടിയൂരി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളാകട്ടെ കറന്റ് ചാർജ് ഇനത്തിൽ തന്നെ ലക്ഷങ്ങൾ ഹോട്ടൽ നടത്തിപ്പുകാർക്ക് നൽകാനുണ്ട്. അതിനിടയിലാണ് വാടക കൂടി നൽകണമെന്ന ഉത്തരവിറങ്ങിയത്. ഇതോടെ ഹോട്ടലുടമകൾ വാടകത്തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലായി. ജില്ലയിൽ 29 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണം ഇതിനകം പൂട്ടി. സർക്കാറും തദ്ദേശ സ്ഥാപനങ്ങളും തിരിഞ്ഞു നോക്കിയില്ലെങ്കിൽ ബാക്കി കൂടി അടച്ചു പൂട്ടുകയോ സാധാരണ ഹോട്ടലുകളായി മാറുകയോ ചെയ്യുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.