മേപ്പാടി: എട്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം വെള്ളിയാഴ്ച വീണ്ടും തുറക്കും. ഹൈകോടതിയുടെ കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് കേന്ദ്രം തുറന്നു പ്രവർത്തിക്കുക. ദിവസം 500 പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു. പ്രവേശനഫീസിലും വർധന വരുത്തിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ കുറുവ ദ്വീപിലെ വനം ജീവനക്കാരൻ മരണപ്പെട്ടതിനെത്തുടർന്ന് ഹൈകോടതിയാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവിട്ടത്.
തുടർന്ന് ഫെബ്രുവരി 18 മുതൽ സൂചിപ്പാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന വന സംരക്ഷണ സമിതി ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലായി. വ്യാപാരികളടക്കം പരോക്ഷമായി ജോലിയില്ലാതായവർ നിരവധിയാണ്. ഇവർക്ക് ആശ്വാസം പകരുന്നതാണ് കേന്ദ്രം വീണ്ടും തുറക്കാനുള്ള തീരുമാനം. മുതിർന്നവർക്ക് 150 രൂപ, കുട്ടികൾക്ക് 50 രൂപ, വിദേശികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. സഞ്ചാരികളുടെ എണ്ണം കുറച്ചതും ഫീസിലെ വർധനയും സഞ്ചാരികളുടെ വരവിൽ വലിയ ഇടിവുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.