ഇന്ത്യയിൽ അധിനിവേശ സസ്യങ്ങളെ കണ്ടെത്താനും അവയുടെ ആഘാതം വിലയിരുത്താനുമുള്ള ശ്രമങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. കൊങ്ങിണി ഇനം സസ്യങ്ങളുടെ അധിനിവേശം കൊണ്ടുണ്ടായ ആഘാതത്തെക്കുറിച്ചുള്ള പഠനം മാത്രമാണ് ഇതിനൊരു അപവാദം. ഇതിന്റെ വ്യാപനവും തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. എന്നാൽ, ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് അധിനിവേശ സസ്യങ്ങളുടെ പഠനം ഏറെ മുന്നോട്ടുപോകാനുണ്ട്. കേരളത്തിൽ ഇത്തരത്തിലുള്ള വിദേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾക്ക് വേഗം പോരെന്നത് ഇവയുടെ വ്യാപനം വേഗത്തിലാക്കുന്നു.
വയനാടൻ കാടുകളിലെ ആവാസവ്യവസ്ഥ തകർക്കുന്ന രീതിയിലുള്ള അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിസഭ ഉപസമിതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സെന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങൾ സ്വാഭാവിക സസ്യങ്ങളുടെ വളർച്ച തടസ്സപ്പെടുത്തുന്നതോടൊപ്പം വലിയ ജലക്ഷാമത്തിനും ഇടവരുത്തുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ ഇവ പൂർണമായും നീക്കം ചെയ്യാൻ കഴിയുമെന്നും മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഇതെത്ര പ്രാവർത്തികമാവുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
വർഷങ്ങൾ നീണ്ട മുറവിളിക്കുശേഷം മനുഷ്യ-വന്യജീവി ആക്രമണങ്ങൾ രൂക്ഷമായപ്പോഴെങ്കിലും ഭരണകൂടം ഇടപെടാൻ തുടങ്ങിയെന്നതു മാത്രമാണ് ആശ്വാസകരം. ഹെക്ടർ കണക്കിന് വ്യാപിച്ചുകിടക്കുന്ന, വനത്തിന്റെ സ്വാഭാവികതയെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ സസ്യങ്ങൾ പലതും മുറിച്ചുമാറ്റിയാൽ തന്നെ വീണ്ടും തഴച്ചുവളരാനുള്ള സാധ്യതയേറെയാണ്. ചെറിയ കാറ്റിൽപോലും ഇവയുടെ വിത്തുകൾ തൊട്ടടുത്ത സ്ഥലങ്ങളിലെത്തി മുളച്ചുവരും. വയനാടൻ വനങ്ങളിൽ ഉൾപ്പെടെ വ്യാപകമായ സ്വർണക്കൊന്ന ഉന്മൂലനം വനംവകുപ്പിന് വലിയ തലവേദനയാണ്. ഇവ ചുരുങ്ങിയ കാലത്തിനുള്ളിൽ വലുപ്പം വെക്കുകയും കാറ്റത്ത് പൊട്ടിവീഴുന്ന വിത്തുമുളച്ച് പ്രദേശം മുഴുവൻ വ്യാപിക്കുകയും ചെയ്യും.
വെട്ടിക്കളഞ്ഞാലും പിന്നെയും മുളച്ചുവരും. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ വ്യാപിച്ചുകിടക്കുന്ന അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സെന്ന നശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ 1672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കാൻ തിരഞ്ഞെടുത്തത്. 5.31 കോടി രൂപയുടെ ഈ പദ്ധതി നബാർഡിന്റെ സഹായത്തോടെ മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് നടപ്പാക്കിയത്. 10 സെന്റിമീറ്ററിനു മുകളിൽ വണ്ണമുള്ളവ നെഞ്ച് ഉയരത്തിൽ തൊലി നീക്കം ചെയ്ത് ഉണക്കിക്കളയുകയും 10 സെന്റിമീറ്ററിൽ താഴെ വണ്ണമുള്ളവ പിഴുതുകളയുകയും ചെയ്യും. ഇത് എത്രമാത്രം ഫലപ്രദമാകുന്നുണ്ടെന്നറിയാൻ കാത്തിരിക്കേണ്ടിവരും. കേരളത്തിലെ ആകെ വനത്തിൽ കൈയേറ്റക്കാരുടെ പക്കലുള്ളത് അരശതമാനത്തിൽ താഴെയെന്നാണ് 2023ൽ സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക്.
അതായത് 50.25 ചതുരശ്ര കിലോമീറ്റർ. അതേസമയം, അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം മൂലം വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതിലും എത്രയോ ഭീകരമാണ്. തദ്ദേശ വനങ്ങളെ നശിപ്പിച്ച്, ജലസമ്പത്തിനെ ഇല്ലാതാക്കി, വെള്ളവും ഭക്ഷണവും ഇല്ലാതെ വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളെ കാടിനു പുറത്താക്കി തകിടം മറിയുന്ന ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാൻ ലോകത്തെ ചെറുരാജ്യങ്ങൾ പോലും കഠിന പരിശ്രമത്തിലാണിപ്പോൾ. അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യാൻ അരയും തലയും മുറുക്കി ഇറങ്ങിയില്ലെങ്കിൽ വലിയ വിലയാവും നൽകേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.