വൈത്തിരി: കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസുകളിൽ കൺസഷൻ യാത്ര അനുവദിക്കാത്തത് വിദ്യാർഥികളെ വലക്കുന്നു. ലക്കിടിക്കും വെള്ളാരംകുന്നിനും ഇടയിലുള്ള വിദ്യാർഥികൾക്ക് സ്കൂളിലെത്തണമെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾക്കായി ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണിപ്പോൾ. ഭൂരിഭാഗം ബസുകളും ടൗൺ ടു ടൗണും അതിനുമുകളിലുള്ള ക്ലാസുകളിലുള്ളവയും ആയതിനാൽ ബസ് ഇല്ലാത്ത അവസ്ഥയാണ് കുട്ടികൾക്ക്. മോട്ടോർ വാഹന വകുപ്പ് അധികൃതർ പിഴയീടാക്കാൻ തുടങ്ങിയതോടെ വിദ്യാർഥികൾക്ക് ഏക ആശ്രയമായ സ്വകാര്യ ബസുകൾ പൂക്കോട് തടാകം വഴി പോകുന്നതിനാൽ അതും ഇവർക്ക് നഷ്ടപ്പെടുന്നു.
കോഴിക്കോട്- വയനാട് ദേശസാൽകൃത റൂട്ടിൽ ലക്കിടി, തളിപ്പുഴ, പഴയ വൈത്തിരി, വൈത്തിരി, ചേലോട്, വെള്ളാരംകുന്ന് ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പാസ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. കോഴിക്കോടുനിന്നും വയനാട്ടിലേക്കു പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ 95 ശതമാനവും ടി.ടി അല്ലെങ്കിൽ സൂപ്പർ ഫാസ്റ്റ് ബസുകളാണ്.
കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളിൽ മാത്രമാണ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. കോഴിക്കോട് നിന്നുള്ള ബസുകളാണ് ഈ റൂട്ടിലൂടെയുള്ള വിദ്യാർഥികൾക്ക് ആശ്രയം. ടി.ടി. ബസുകൾ മാത്രമായതുകൊണ്ട് കുട്ടികൾക്ക് കൺസഷൻ ലഭിക്കാതെ പോകുകയാണ്.
ഇപ്പോൾ യാത്രാസൗജന്യത്തിനു സ്വകാര്യ ബസുകളെയാണ് കുട്ടികൾ ആശ്രയിക്കുന്നത്. സ്കൂൾ സമയത്തു കോഴിക്കോട് -വയനാട് റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമാണ്. എന്നാൽ, അടുത്തിടെ സ്വകാര്യ ബസുകൾ റൂട്ട് മാറി ഓടിക്കുന്നുവെന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ സ്വകാര്യ ബസുകൾക്കു കനത്ത പിഴയാണ് ഈടാക്കുന്നത്. ഇതുമൂലം പലപ്പോഴും ബസുകൾ പൂക്കോട് തടാകം വഴിയും വെള്ളാരംകുന്ന് കോളജ് വഴിയുമാണ് പോകുന്നത്. ഇതുമൂലം മുഴുവൻ തുകയും നൽകി വിദ്യാർഥികൾക്ക് ടി.ടി. ബസുകളിൽ വലിയ തുക നൽകി യാത്ര ചെയ്യേണ്ടിവരുകയാണ്.
കോഴിക്കോട് -വയനാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സിയുടെ ടി.ടി. ബസുകളിൽ വിദ്യാർഥികൾക്ക് കൺസൻഷൻ യാത്ര സൗകര്യം അനുവദിക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഇതിന് അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ റൂട്ടിലെ വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.