പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവിൽ നിന്ന് തേർത്ത്കുന്ന് വഴി കക്കടവിലേക്കുള്ള പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. തകർന്ന റോഡ് നന്നാക്കാൻ പഞ്ചായത്ത് വല്ലപ്പോഴും നൽകുന്ന ഫണ്ട് അപര്യാപ്തമാണ്. ക്യത്യമായ നവീകരണം നടക്കാത്തതിനാൽ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാഡുകളിൽ കൂടെ കടന്നുപോകുന്ന റോഡ് നിരവധിപേർ പ്രധാന ടൗണുകളിലും സർക്കാർ ഓഫിസുകളിലും എത്താൻ ആശ്രയിക്കുന്നതാണ്.
വെള്ളമുണ്ട പഞ്ചായത്തിന്റെ അതിര് പങ്കിടുന്ന റോഡാണിത്. ചെറുങ്ങാടി കോളനി, തേർത്ത്കുന്ന്, മുണ്ടക്കുറ്റി, ചേര്യംകൊല്ലി, തരുവണ, വെള്ളമുണ്ട, അഞ്ചാംമൈൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഉപറോഡാണിത്. കക്കടവ് പാലംവരെ എത്തുന്ന റോഡ് പ്രധാന ടൗണുകളിലെത്താനുള്ള എളുപ്പവഴി കൂടിയാണിത്. പുഴയോരത്തുകൂടി പോകുന്ന റോഡ് പ്രളയത്തിൽ മുങ്ങും.
ടാറിങ് ഇളകി റോഡ് തകർന്നാൽ പൂർണമായും നന്നാക്കാനുള്ള ഫണ്ട് പഞ്ചായത്ത് സംവിധാനങ്ങളിൽ നിന്നും ലഭ്യമല്ല. അതിനാൽ റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനായി റോഡ് വികസന കൂട്ടായ്മ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.