ഗൂഡല്ലൂർ: കോടതി നിർദേശം പാലിക്കാതെ വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ വനസംരക്ഷണ നിയമപ്രകാരം 1991ൽ പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ രണ്ടു ഹെക്ടറിൽ കുറഞ്ഞ വിസ്തീർണമുള്ള പട്ടയ ഭൂമി ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കർഷകനായ ഷണ്മുഖൻ ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിലെ കോടതി നിർദേശം പാലിക്കാതെയാണ് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
കലക്ടർ അടങ്ങുന്ന കമ്മിറ്റി രണ്ട് ഹെക്ടറിൽ കുറഞ്ഞ വിസ്തീർണമുള്ള ഭൂമിക്ക് 1991 ലെ നോട്ടിഫിക്കേഷൻ ഒഴിവാക്കണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്തതിന്റെയും രണ്ട് ഹെക്ടറിൽ കുറവുള്ള വിസ്തീർണം ഉൾപ്പെടുത്തിയത് അശ്രദ്ധമൂലം ആണെന്ന് സമ്മതിച്ചും കോടതിയിൽ കലക്ടർ സത്യവാങ്മൂലം ഫയൽ ചെയ്തതിന്റെയും സാഹചര്യത്തിൽ സർക്കാറിന് പുതിയ അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 14ന് ജസ്റ്റിസ് സൗന്ദർ ഉത്തരവിട്ടിരുന്നു.
ആറാഴ്ചക്കുള്ളിൽ അപേക്ഷയിൽ നിയമാനുസൃതം യോഗ്യത പരിഗണിച്ച് ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ജില്ല കമ്മിറ്റിയുടെ ശിപാർശയോ കോടതിയിൽ ഫയലിൽ സ്വീകരിച്ച സത്യവാങ്മൂലമോ പരിഗണിക്കാതെ വനം വകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഹരജിക്കാരന്റെ അപേക്ഷ തള്ളിക്കളയാണുണ്ടായത്.
റിസർവ് ഫോറസ്റ്റിനോട് ചേർന്ന് കിടക്കുന്ന രണ്ട് ഹെക്ടറോ അതിൽ കൂടുതലോ ഉള്ള ഭൂമി റിസർവ് ഫോറസ്റ്റിന്റെ തുടർച്ചയായി കണക്കാക്കേണ്ടതും അതിനാൽ രണ്ട് ഹെക്ടറിൽ കുറഞ്ഞ വിസ്തീർണം നോട്ടിഫൈ ചെയ്യാൻ പാടില്ലാത്തതാണെന്നും വ്യാഖ്യാനിക്കുന്നത് ഉചിതമല്ല എന്നുമാണ് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
നോട്ടിഫിക്കേഷന്‍ എതിരായി ഫയൽ ചെയ്ത അപ്പീലിലെ വാദവും ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞതായും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ നോട്ടിഫിക്കേഷനിലെ അപാകതകൾ പരിഹരിക്കാനും ഈ വസ്തുത ഉന്നയിച്ച് ഹരജിക്കാരൻ സമർപ്പിച്ച നിവേദനം പരിശോധിക്കാനുമാണ് അന്ന് നിയോഗിച്ച ഉന്നതാധികാര സമിതിയോട് ഡിവിഷൻ നിർദേശിച്ചതെന്ന് ഹരജിക്കാരൻ പറയുന്നു.
ഹരജിക്കാരന്റെ വാദം നിരസിച്ചുവെന്ന് വനംവകുപ്പ് സെക്രട്ടറി പറയുന്നത് തെറ്റാണെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവ് ചൂണ്ടിക്കാണിച്ചു ഷണ്മുഖൻ വ്യക്തമാക്കി. ഇതുവരെ ഗോദവർമൻ തിരുമുൾപാടിന്റെ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു അധികാരികൾ കർഷകരുടെ അപേക്ഷകൾ നിരസിച്ചിരുന്നത്.
സുപ്രീംകോടതി ഉത്തരവും കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ടും ഹൈകോടതിയിൽ ഫയൽ ചെയ്തതോടെ പുതിയ വ്യാഖ്യാനങ്ങളുമായാണ് വനംവകുപ്പ് മുന്നോട്ട് വന്നിരിക്കുന്നതെന്നും ഹരജിക്കാരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.