പുൽപള്ളി: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കുറുവ ദ്വീപിൽ വനം വകുപ്പ് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നു. ഫോട്ടോ ഗാലറി, പാലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. പ്രകൃതിദത്ത വിനോദസഞ്ചാരകേന്ദ്രമായ കുറുവദ്വീപിന്റെ സൗന്ദര്യം നുകരാൻ ആയിരങ്ങളാണ് എത്തുന്നത്.
കബനി നദിയുടെ നടുവിൽ ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവദ്വീപ്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിത്യവും നിരവധി സന്ദർശകരാണ് ദ്വീപിലെത്തുന്നത്. പുഴയിലൂടെയുള്ള ചങ്ങാടയാത്രയാണ് പ്രധാന ആകർഷണം. 950 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന വൈവിധ്യമേറിയ സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ് ഈ പ്രദേശം. എല്ലാ വർഷവും മഴക്കാലമാകുമ്പോൾ നാലു മാസത്തോളം കുറുവാദ്വീപ് അടച്ചിടാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ വയനാട്ടിൽ മഴ കുറവായതിനാൽ ആകെ അടച്ചിട്ടത് രണ്ട് ആഴ്ചയിൽ താഴെ മാത്രമാണ്. മഴക്കാലം മാറിയതോടെ സന്ദർശകരുടെ എണ്ണം വർധിച്ചു. കൂട്ടമായി എത്തുന്ന ആളുകൾക്ക് ഫോട്ടോയെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോട്ടോഗാലറിക്ക് പൂർണമായും മുളയാണ് ഉപയോഗിച്ചിരിക്കുന്നത്. സന്ദർശകർ കൂടിയതോടെ പുതിയ ചങ്ങാടങ്ങളും നിർമിച്ചിട്ടുണ്ട്. ഇതിന് പുറമേ ദ്വീപിനുള്ളിൽ വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 1150 പേർക്കാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.