പുൽപള്ളി: പഞ്ചായത്തിലെ ചെറുവള്ളി, വേലിയമ്പം പ്രദേശങ്ങളിൽ കാട്ടാനശല്യം അനുദിനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാടശേഖരത്തിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി നെൽകൃഷി നശിപ്പിച്ചു.
സമീപത്തെ വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനക്കൂട്ടം സന്ധ്യ മയങ്ങുന്നതോടെ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്. വനാതിർത്തി പ്രദേശങ്ങളിൽ മതിയായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഫെൻസിങ് പലയിടത്തും തകർന്നുകിടക്കുകയാണ്. ആനപ്രതിരോധ കിടങ്ങുകളും പലയിടങ്ങളിലും ഇടിഞ്ഞിട്ടുണ്ട്.
ഈ ഭാഗങ്ങളിലൂടെയാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം വയലിലാണ് നാശമേറെയുണ്ടാക്കിയത്. നെൽകൃഷി വിളവെടുക്കാൻ സമയമാകുമ്പോഴേക്കും ആനശല്യം തടയാൻ നടപടി ഉണ്ടായില്ലെങ്കിൽ നെൽകൃഷി അവശേഷിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. വന്യജീവികളെ തുരത്താൻ മതിയായ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.