സ്കൂളിലെ അരി വിൽപന: പി.ടി.എക്കെതിരെ നടപടി വൈകുന്നു

സ്കൂളിലെ അരി വിൽപന: പി.ടി.എക്കെതിരെ നടപടി വൈകുന്നു

മാനന്തവാടി: സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞിക്കായി എത്തിച്ച അരി സൂപ്പർ മാർക്കറ്റിൽ മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാരായ സ്കൂൾ പി.ടി.എ കമ്മിറ്റിക്കെതിരെ നടപടി വൈകുന്നു.

കല്ലോടി സെൻറ് ജോസഫ് യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിക്കെതിരെയാണ് നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പ്രധാനാധ്യാപകൻ സാബു പി. ജോൺ, ഉച്ചക്കഞ്ഞി വിതരണ ചുമതലയുണ്ടായിരുന്ന അധ്യാപകരായ അനീഷ് ജേക്കബ്, കെ.ജെ. ധന്യമോൾ എന്നിവരെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിട്ടുണ്ട്​.

എ.ഇ.ഒ നടത്തിയ അന്വേഷണത്തിൽ അരി വിൽപന നടത്തുന്നതിൽ പി.ടി.എയുടെ പങ്ക് വ്യക്തമായിരുന്നു. സംഭവം അധ്യാപകരുടെ തലയിൽ കെട്ടിവെക്കാനുള്ള പി.ടി.എയുടെ ശ്രമം വിവാദമായിട്ടുണ്ട്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ജില്ല സപ്ലൈ ഓഫിസർ കലക്ടർക്ക് ഉടൻ കൈമാറും. അരി കടത്ത് വെളിച്ചത്തുകൊണ്ടുവന്ന നാലാംമൈലിലെ ചുമട്ടുതൊഴിലാളികളെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് നാലാംമൈൽ സൂപ്പർ മാർക്കറ്റിൽനിന്ന്​ 356 കിലോ അരി സിവിൽ സപ്ലൈസ് അധികൃതർ പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.