സുല്‍ത്താന്‍ബത്തേരി: ബത്തേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയ നാലുപേരിൽ മൂന്നുപേർക്കും മത്സരിക്കാന്‍ അനുമതി നല്കി ഹൈകോടതി. തോല്‍വി ഭയന്ന സി.പി.എം ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ ഇടപെടലാണ് മതിയായ കാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും പത്രികകള്‍ തള്ളാനുള്ള കാരണമെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ഹൈകോടതിയെ സമീപിച്ചത്. നേരത്തെ പത്രിക തള്ളിയ 40 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ മത്സരിക്കുന്ന യൂനസ് അലി, ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന ജിനു ജോസഫ്, ബീന ജോബി എന്നിവരുടെ സ്ഥാനാര്‍ഥിത്വമാണ് ഹൈകോടതി അംഗീകരിച്ചത്. ഇതോടെ ആകെയുള്ള 13 സീറ്റുകളില്‍ പന്ത്രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികളായി. വായ്പയെടുത്തിട്ടില്ലെന്ന പേരിലായിരുന്നു യൂനസ് അലിയുടെ പത്രിക തള്ളിയത്.
ശശിമല സ്വദേശിയായ ബീന ജോബിയുടെ പത്രിക തള്ളിയത് വായ്പയുടെ ഒരു മാസത്തെ അടവ് മുടങ്ങിയെന്ന പേരിലായിരുന്നു. എന്നാല്‍ മതിയായ കാരണങ്ങളില്ലാതെയായിരുന്നു പത്രികകൾ തള്ളിയതെന്നാണ് യു.ഡി.എഫ് ആരോപണം. ബാങ്കില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുമെന്ന ഭയമാണ് സി.പി.എമ്മിനുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ആരോപിച്ചു. ജൂലൈ 14നാണ് ബാങ്കിന്റെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പനമരം പ്രാഥമിക കാർഷിക വികസന ബാങ്ക് വിഭജിച്ച് ഏഴ് വർഷം മുമ്പാണ് ബത്തേരി താലൂക്കിലുള്ളവർക്കായി ബത്തേരി ബാങ്ക് നിലവിൽവന്നത്. അന്നുമുതൽ യു.ഡി.എഫാണ് ഭരിച്ചിരുന്നത്. മൂന്നുവർഷം മുമ്പാണ് സി.പി.എം ഭരണം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.