സുൽത്താൻ ബത്തേരി: വനം വകുപ്പ് തിരച്ചിൽ നടത്തുമ്പോഴും കടുവ റോഡിൽ. ഞായറാഴ്ച രാത്രി ബീനാച്ചി-പനമരം റോഡിൽ പഴുപ്പത്തൂർ റോഡ് ജങ്ഷനടുത്താണ് കടുവയെ കാർ യാത്രക്കാർ കണ്ടത്. നിരവധി വീടുകളുള്ള ഭാഗമാണിത്. ഇതോടെ പ്രദേശത്തുനിന്ന് കടുവ ഒഴിഞ്ഞുപോയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
ദൊട്ടപ്പൻകുളം, ബീനാച്ചി, കട്ടയാട്, ചീനപ്പുല്ല്, പൂതിക്കാട്, കൈവട്ടമൂല പ്രദേശങ്ങളിൽ രണ്ടാഴ്ചയിലേറെയായി കടുവ സാന്നിധ്യമുണ്ട്. ദൊട്ടപ്പൻകുളത്ത് കഴിഞ്ഞ ദിവസം പകൽസമയത്ത് കടുവയെ കണ്ടതോടെ നാട്ടുകാർ സംഘടിച്ചിരുന്നു.
സുൽത്താൻ ബത്തേരി നഗരസഭ അധികൃതർ വൈൽഡ് ലൈഫ് മേധാവിയെ കണ്ട് കടുവയെ തുരത്തണമെന്ന് അഭ്യർഥിച്ചു. ഉടൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പും ലഭിച്ചു.
എന്നാൽ, കടുവയെ പിടികൂടാനുള്ള നടപടികളൊന്നും പ്രായോഗികമായില്ല. മധ്യപ്രദേശ് സർക്കാർ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവകളുടെ താവളമാണെന്ന സംശയമുണ്ട്.
കഴിഞ്ഞവർഷം മൂന്ന് കടുവകൾ ഇവിടെ ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. ഇവിടെ കഴിയുന്ന കടുവകളാണ് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ജനം ജാഗ്രത പാലിക്കുന്നതിനാൽ ആരും ആക്രമണത്തിനിരയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.