പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽതന്നെ ആദിവാസികൾക്കെതിരായ കൈയേറ്റവും പീഡനവും തുടർക്കഥയാവുകയാണ്. സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം തൊലിപ്പുറത്തുള്ള ചികിത്സയായി ചില നടപടികൾ വരും. പിന്നെയും സ്ഥിതി പഴയതുതന്നെ. ജില്ലയിൽ ആദിവാസികൾക്കെതിരായ പീഡനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ‘മാധ്യമം’ നടത്തുന്ന അന്വേഷണം ഇന്നുമുതൽ...
കാറിന്റെ ഡോറിനിടയിൽ കൈ കുടുക്കി മാതൻ എന്ന ആദിവാസി യുവാവിനെ കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവം ആദിവാസി പീഡനങ്ങളിലെ ഒടുവിലത്തെ ഉദാഹരണമാണ്. മയക്കുമരുന്ന് ലഹരിയിൽ റോഡിൽ പരാക്രമം കാണിച്ച യുവാക്കളെ ചോദ്യംചെയ്തതായിരുന്നു അയാൾ ചെയ്ത തെറ്റ്. ലോകത്തെ ഞെട്ടിച്ച സംഭവം നടന്ന അന്നുതന്നെ മറ്റൊരു സംഭവവും പുറത്തുവന്നു. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാത്തതിനാൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ച കരളലിയിക്കുന്ന സംഭവമായിരുന്നു അത്.
മാനന്തവാടി എടവക വീട്ടിച്ചാൽ നാലു സെന്റ് കോളനിയിലെ ചുണ്ടയുടെ (80) മൃതദേഹത്തിനാണ് ദുർഗതിയുണ്ടായത്. രാത്രി എട്ടിനായിരുന്നു മരണം. പിറ്റേന്ന് ഉച്ചക്ക് രണ്ടിനു മൃതദേഹം സംസ്കരിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചത്. ആംബുലൻസിന്റെ സേവനത്തിനായി പട്ടികവർഗ പ്രമോട്ടറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്താത്തതിനെ തുടർന്ന് വൈകീട്ട് മൂന്നരയോടെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
വയനാട്ടിലെ ആദിവാസികളുടെ ജീവനും സ്വത്തിനും ഒരു വിലയുമില്ലാത്ത അവസ്ഥയാണ്. അവർ മരിച്ചാൽപോലും അർഹിച്ച പരിഗണന ലഭിക്കാറില്ല. മരിച്ച ചടങ്ങിന് പണമില്ലാത്തതിന്റെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന ആദിവാസി അമ്മമാരുള്ള നാട്ടിലാണ് ആദിവാസി ക്ഷേമത്തിന്റെ കഥകളുമായി ഉദ്യോഗസ്ഥരും നേതൃത്വങ്ങളും അരങ്ങുവാഴുന്നത്. ‘ശവമടക്കിന് 5000 രൂപ ചെലവായി, 3000 രൂപ കടമാണ്, എന്താ ചെയ്യുക സാറേ...’ വെള്ളമുണ്ട കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ഒരമ്മയുടെ ചോദ്യം മുമ്പ് വാർത്തയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞ് മെഡിക്കൽ കോളജിൽനിന്ന് കൃത്യമായ ചികിത്സ ലഭിക്കാതെ മരണപ്പെട്ട പരാതിയും അന്ന് ഉയർന്നിരുന്നു. അതിന്റെ സങ്കടത്തിൽ നിന്നുകൊണ്ടായിരുന്ന ആ ചോദ്യം. ചടങ്ങിന് ചെലവായ തുക ജനപ്രതിനിധികളും ട്രൈബൽ വകുപ്പും പിന്നീട് കൊടുത്തെങ്കിലും അവശ്യ സമയത്ത് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടിവന്നു അവർക്ക്.
മെല്ലെപ്പോക്ക് സകലമേഖലയിലും തിരിച്ചടി
ആദിവാസികളുടെ കാര്യത്തിലുള്ള മെല്ലെപ്പോക്ക് എല്ലാരംഗത്തും തിരിച്ചടിയാകുന്നുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മൃതദേഹങ്ങൾ എത്തിക്കുന്നതിലും സ്വകാര്യ ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾ ലഭ്യമാകാത്തതിലും ഫണ്ട് വൈകുന്നത് കാരണമാകാറുണ്ടെന്ന് ആദിവാസി മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു. പലപ്പോഴും മാസങ്ങൾ കഴിഞ്ഞാണ് വാഹന ഉടമകൾക്ക് പണം ലഭിക്കാറുള്ളത്. സ്വന്തം പണം എടുത്ത് ഡീസൽ അടിച്ച് ഓടുന്ന വാഹന ഉടമകൾ പരമാവധി ഒഴിഞ്ഞു മാറുന്നതും അതുകൊണ്ടാണ്. ഫണ്ടുകൾ കൃത്യമായി വിതരണം ചെയ്താൽ ഒരു പരിധിവരെ ഇത്തരം പരാതികൾ ഒഴിവാക്കാം. റേഷനരി കൃത്യമായി ലഭിക്കുന്നവർക്കുപോലും കറി വെക്കാനൊന്നുമില്ലാതെ പോഷകമൂല്യമുള്ള ഭക്ഷണം നിഷേധിക്കപ്പെടുന്നു. ഇങ്ങനെ നിരവധി ദുരിതങ്ങളിലാണ് ആദിവാസി സമൂഹം നേരിടുന്നത്.
കോടികൾ പാഴായതു മാത്രം മെച്ചം
ആദിവാസികൾ എവിടെവരെ എത്തി എന്നതിന്റെ നേർചിത്രം ഭീതിയുയർത്തുന്നതാണ്. കോടികൾ ആദിവാസി ക്ഷേമത്തിനായി ഒഴുകുന്ന നാട്ടിൽ അത് എവിടേക്ക് ഒഴുകുന്നു എന്ന പഠനം നടക്കുന്നില്ല.
നടന്ന പഠനങ്ങളാവട്ടെ ചർച്ചകൾക്കും പരിഹാരങ്ങൾക്കും ഇടയാക്കിയിട്ടുമില്ല. ആദിവാസിക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും ഉണ്ടെന്ന് ഭരണകൂടങ്ങൾ പറയുന്നുണ്ടെങ്കിലും ആദിവാസി ഊരുകൾ ഇപ്പോഴും നൂറ്റാണ്ട് പഴക്കമുള്ള രീതിയിൽ തുടരുന്നതും വിരോധാഭാസമാണ്.
ചോരുന്ന കൂരയും വിട്ടുമാറാത്ത പകർച്ചവ്യാധികളും ആരോഗ്യമില്ലാത്ത അമ്മമാരും കുഞ്ഞുങ്ങളും മാറ്റമില്ലാതെ അവശേഷിക്കുന്നുണ്ട്. ആശാവർക്കർ, ട്രൈബൽ ഡിപ്പാർട്ട്മെന്റ്, അംഗൻവാടി ജീവനക്കാർ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും ഇക്കാര്യത്തിൽ കുറ്റക്കാരാണ്.
നനാജാതി മനുഷ്യർ മുന്നേറിയിട്ടും ആദിവാസികൾക്ക് മാത്രം മാറ്റമില്ല. അവർ തനതായ രീതിയിൽതന്നെ ജീവിക്കട്ടെ എന്ന ന്യായമാണ് അധികൃതർ പറയുന്നത്. എന്നാൽ അവരുടെ വാസസ്ഥലങ്ങളിലാകട്ടെ അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ല.
കേരളത്തിൽ ഏറ്റവും അധികം ആദിവാസി വോട്ടർമാരുള്ള മണ്ഡലമാണ് വയനാട്. ദലിത്-ആദിവാസികൾ ഉൾപ്പെടുന്ന പിന്നാക്ക ജനതയാണ് മണ്ഡലത്തിൽ ആകെ വോട്ടർമാരിൽ 17 ശതമാനവും. അവരുടെ വോട്ട് വാങ്ങി ജയിക്കുന്നവർ അവർക്കായി എന്ത് ചെയ്തു എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
മണ്ഡലത്തിലെ ആദിവാസി-ദലിത് വിഭാഗങ്ങളുടെ സവിശേഷ പ്രശ്നങ്ങൾ ഭരണതലത്തിൽ പലപ്പോഴും ചോദ്യങ്ങളായി വരാറില്ല. ദാരുണസംഭവങ്ങൾ നടക്കുന്ന സമയങ്ങളിൽ മാത്രം ചർച്ചയാവുന്ന ആദിവാസി വിഷയങ്ങൾക്ക് തുടർപ്രവർത്തനം ഉണ്ടാകാറുമില്ല. അവരെന്നും കറവപ്പശുവായി നിലനിൽക്കണം എന്ന മനോഭാവമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.