മാനന്തവാടി: വന സംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി. സൗത്ത് വയനാട് എഫ്.ഡി.എയുടെ കീഴിലുള്ള വി.എസ്.എസ് ജീവനക്കാരുടെ ദിവസ വേതനം 500ൽ നിന്ന് 750 രൂപയായി വർധിപ്പിച്ചു. സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുറുവ ദ്വീപ്, ചെമ്പ്ര പീക്ക്, മീൻ മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലായി 200 ഓളം വന സംരക്ഷണ സമിതി ജീവനക്കാരാണ് ഉള്ളത്. കുറുവ ദ്വീപിൽ മാത്രം 37 പേരാണ് ജോലി ചെയ്യുന്നത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ടുവരെ ജോലി ചെയ്യുന്ന ഇവർക്ക് തുച്ഛമായ വേതനമാണ് നൽകിയിരുന്നത്.
ദിനം പ്രതി ജീവിത ചെലവുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ 500 രൂപ എന്ന പ്രതിദിന വേതനം ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
വനം വകുപ്പിന് കീഴിലുള്ള ഇക്കോ ഡെവലപ്െമന്റ് കമ്മിറ്റിയിലെ ഗൈഡുമാർക്ക് മെച്ചമായ വേതനം ലഭിക്കുമ്പോഴാണ് വി.എസ്.എസ് ജീവനക്കാരോട് അധികൃതർ വിവേചന നിലപാട് സ്വീകരിച്ചിരുന്നത്.
സൗത്ത് വയനാട് എഫ്.ഡി.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷജ്ന കരീം എഫ്.ഡി.എ ചെയർമാൻ ടി.കെ. വിനോദ് കുമാറിന് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് വേതനം വർധിപ്പിച്ചത്. ആവശ്യത്തിന് വിദ്യാഭ്യാസ യോഗ്യതയും വർഷങ്ങളായി ജോലി ചെയ്തുവരുന്നതുമായ വാച്ചർമാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട് . അതേസമയം, സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.