സുൽത്താൻ ബത്തേരി: അർബൻ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് താൻ ആരിൽനിന്നും കോഴ വാങ്ങിയിട്ടില്ലെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ആരോപണത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബാങ്ക് വിഷയം ജില്ലയിലെ കോൺഗ്രസിൽ വലിയ ആഭ്യന്തരകലഹത്തിന് ഇടയാക്കിയിട്ടുണ്ട്. നേതാക്കൾ ചേരിതിരിഞ്ഞ് ചരടുവലികൾ നടത്തുന്നതിെൻറ സൂചനകളാണ് പുറത്തുവരുന്നത്.
കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്കിൽ അടുത്തിടെ നടന്ന ആറ് നിയമനങ്ങൾക്ക് എം.എൽ.എ ഉൾപ്പെടെയുള്ള മൂന്ന് നേതാക്കൾ രണ്ട് കോടിയിലേറെ രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് വിവാദമായത്.
തുടർന്ന് കഴിഞ്ഞ 21ന് ഡി.സി.സി പ്രസിഡൻറ് കൂടിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ, ജില്ല ഭാരവാഹികൾ, മുൻ ഡി.സി.സി ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നു. ആ യോഗത്തിലാണ് അഴിമതി ആരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, ബിനു തോമസ് എന്നിവരാണ് മൂന്നംഗ സമിതിയിൽ. ഇവർ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കോൺഗ്രസിനുള്ളിൽ ചേരിതിരിഞ്ഞുള്ള പോരാട്ടം രൂക്ഷമായത്.
ഡി.സി.സി സെക്രട്ടറി ആർ.പി. ശിവദാസിെൻറ പേരിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് കത്തയച്ചതായ വിവരം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. സുൽത്താൻ ബത്തേരി അർബൻ ബാങ്ക്, പൂതാടി സർവിസ് സഹകരണ ബാങ്ക്, പടിച്ചിറ സർവിസ് സഹകരണ ബാങ്ക്, പുൽപള്ളി സർവിസ് സഹകരണ ബാങ്ക് ഉൾപ്പെടെ വിവിധ ഇടങ്ങളിൽനിന്ന് കോൺഗ്രസിലെ ജില്ലയിലെ പ്രമുഖ നേതാക്കൾ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്കാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്.
കത്തിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമാണോ എന്നറിയാൻ ഏതാനും കോൺഗ്രസ് നേതാക്കളോട് വിവരം തിരക്കണമെന്നും വിവരിക്കുന്നുണ്ട്. കാര്യങ്ങൾ അറിയാവുന്നവരെന്ന പേരിൽ 20ഓളം നേതാക്കളുടെ പേരും കത്തിൽ എഴുതിയിരിക്കുന്നു. അതേസമയം, കത്ത് താനല്ല അയച്ചതെന്ന് ആർ.പി. ശിവദാസ് പറഞ്ഞിരുന്നു. ഇതിനിടയിൽ ശിവദാസിനെതിരെ മഹിള കോൺഗ്രസ് പ്രവർത്തക പീഡന ആരോപണവും ഉന്നയിച്ചു.എം.എൽ.എയെ അടിക്കാനുള്ള ആയുധമായി അഴിമതി ആരോപണം സി.പി.എം ഏറ്റെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിലെ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയാണ് ജയിച്ചുകയറിയതെന്ന ആരോപണം സി.പി.എം ഈ അവസരത്തിലും ഉന്നയിക്കുന്നുണ്ട്.
സി.പി.എം കോൺഗ്രസിനെതിരെ ശക്തമായി നിലകൊള്ളുമ്പോൾ അർബൻ ബാങ്കിൽ കോൺഗ്രസ് നിയോഗിച്ച അന്വേഷണസമിതി നേതാക്കൾക്കെതിരെ കാര്യമായി എന്തെങ്കിലും കണ്ടെത്തുമോ എന്ന് കണ്ടറിയണം.
സുല്‍ത്താന്‍ ബത്തേരി: അര്‍ബന്‍ ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയെന്ന വിവാദത്തിനിടെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെ.പി.സി.സിക്ക് പരാതി. ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന് (ഡി.കെ.ടി.എഫ്) സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മിറ്റി പ്രസിഡൻറ് ഷാജി ചുള്ളിയോടിെൻറ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. നേതാക്കളുടെ അഴിമതി കാരണം ജില്ലയില്‍ പാര്‍ട്ടി അതിവേഗം ദുര്‍ബലപ്പെടുകയാണെന്നും സംസ്ഥാന നേതൃത്വം ഉടന്‍ ഇടപെണമെന്നുമാണ് പരാതിയിലെ ആവശ്യം.
അഴിമതി നടത്തുന്നവര്‍ ലഭിക്കുന്ന വിഹിതം കുറയുമ്പോള്‍ തമ്മില്‍ തല്ലുകയാണ്. ജില്ലയില്‍ പാര്‍ട്ടി രക്ഷപ്പെടാന്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ചിലരെ എന്നെന്നേക്കുമായി മാറ്റിനിര്‍ത്തുകയും ചിലരെ ശാസിക്കുകയും വേണം. നേതാക്കളുടെ അഴിമതിക്കഥകള്‍ കാരണം ജില്ലയിലെ ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയില്‍ ചുണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് രണ്ടുകോടി കോഴ വാങ്ങിയെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കണം. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിൽ നിയമനം നടത്താൻ 4.3 കോടി രൂപ നേതാക്കൾ കോഴ വാങ്ങിയതായി കോൺഗ്രസ് നേതാവ് തന്നെയാണ് കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകിയത്. നിയമനത്തിനായി ക്യൂ നിൽക്കുന്ന അർഹരായ നിരവധി ഉദ്യോഗാർഥികളെയാണ് പണംവാങ്ങി കോൺഗ്രസ് വഞ്ചിച്ചത്. പണം കൊടുത്തവരെയും വാങ്ങിക്കൊടുത്ത ഇടനിലക്കാരെ സംബന്ധിച്ചുമുള്ള വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ എം.എൽ.എക്കെതിരെ നടപടി എടുക്കാൻ കോൺഗ്രസ് ആർജവം കാണിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിൽ കോഴ വാങ്ങിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രധിഷേധ സമരം നടത്തി. സുൽത്താൻ ബത്തേരി ബ്ലോക്കിന് കീഴിലെ യൂനിറ്റ്, മേഖല കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. ബത്തേരി ടൗണിൽ ബ്ലോക്ക് സെക്രട്ടറി ലിജോ ജോണി ഉദ്ഘാടനം ചെയ്തു. കെ.വൈ. നിധിൻ, അനീഷ്, സുർജിത്ത്, റിഷാദ് തുടങ്ങിയവർ സംസാരിച്ചു. മൂലങ്കാവിൽ ബ്ലോക് ട്രഷറർ ബി.കെ. അഹ്നസ് ഉദ്ഘാടനം ചെയ്തു. സിബിൽ, ഷാരൂഖ്, സുജിത് തുടങ്ങിയവർ സംസാരിച്ചു. അമ്പലവയലിൽ ജില്ല വൈസ് പ്രസിഡൻറ് കെ.ജി. സുധീഷ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിന് മേഖല-യൂനിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: ഊരും പേരുമില്ലാത്ത കത്തിെൻറ പേരിൽ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തുന്ന സി.പി.എം സ്വയം പരിഹാസ്യരാവുകയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയിരിക്കുന്ന സി.പി.എമ്മിെൻറ നെറിയില്ലാത്ത രാഷ്ട്രീയം പൊതുജനം തിരിച്ചറിയും.
കോവിഡ് കാലത്ത് സംസ്ഥാനത്തുതന്നെ മാതൃകാപരമായി പ്രവർത്തിക്കുന്ന തെൻറ ഓഫിസിനെ കരിവാരിത്തേക്കാനാണ് ഇല്ലാത്ത അഴിമതി ആരോപിച്ച് സി.പി.എം പരക്കംപായുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ പുറത്തുവന്ന വ്യാജ കത്തിനെക്കുറിച്ച് സർക്കാർതല അന്വേഷണത്തിന് നിർദേശിക്കാൻ സി.പി.എം തയാറാവാത്തത് സംശയം ജനിപ്പിക്കുന്നുണ്ട്. ബാങ്ക് നിയമനത്തിൽ ഉദ്യോഗാർഥികളിൽനിന്ന് കോഴവാങ്ങിയ കോൺഗ്രസുകാരുണ്ടെങ്കിൽ അവർ എത്ര ഉന്നതരായാലും പാർട്ടിയിൽനിന്ന് പുറത്തായിരിക്കും. പരാതിയിൽ പേരുള്ള ആർ.പി. ശിവദാസ് താനല്ല കത്തെഴുതിയതെന്ന് വ്യക്തമാക്കിയതോടെ കത്തിന് പിതൃത്വം ഇല്ലാതായെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.