വെള്ളമുണ്ട: ബാണാസുര മലനിരകളിൽ കാലങ്ങളായി തുടരുന്ന മരംമുറിയെക്കുറിച്ച് അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് മേൽനോട്ടത്തിലാണ് പരിശോധന. മുട്ടിൽ മരംമുറി വിവാദമായതോടെയാണ് പുതിയ നീക്കം. വെള്ളമുണ്ട വില്ലേജ് ഓഫിസറുടെ നേതൃത്വത്തിെല സംഘമാണ് തോട്ടങ്ങളിലെ റിസർവ് മരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്.
മുമ്പ് സബ് കലക്ടറടക്കം ഇടപെട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വാർത്ത 'മാധ്യമം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പട്ടയഭൂമികളിലെ മരങ്ങളെക്കുറിച്ച് വീണ്ടും അന്വേഷണം തുടങ്ങിയത്. വാളാരംകുന്ന്, പുളിഞ്ഞാൽ തുടങ്ങിയ പ്രദേശങ്ങൾ അന്വേഷണ സംഘം സന്ദർശിച്ചു. മുമ്പ് കൃഷിയാവശ്യത്തിന് പതിച്ചുനൽകിയ തോട്ടങ്ങളിലെ റിസർവ് മരങ്ങൾ കൂട്ടത്തോടെ ഉണങ്ങുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ബാണാസുര മലനിരകളോട് ചേർന്ന വിവിധ തോട്ടങ്ങളിലാണ് വീട്ടിയടക്കമുള്ള വന്മരങ്ങൾ കൂട്ടത്തോടെ ഉണങ്ങുന്നത് പതിവായത്.
പട്ടയത്തിൽ രേഖപ്പെടുത്തിയ റിസർവ് മരങ്ങൾ മുറിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം എന്ന ചട്ടം മറികടക്കാൻ മരം ഉണക്കി നശിപ്പിക്കുകയാണെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഭൂമി, ക്വാറി മാഫിയകൾ കൈവശപ്പെടുത്തിയ ഭൂമിയാണ് വ്യാപകമായി മറ്റ് ആവശ്യങ്ങൾക്കായി തരംമാറ്റിക്കൊണ്ടിരിക്കുന്നത്. നാരോക്കടവ് ക്വാറി ഭൂമിയിലെ മരങ്ങളടക്കം മുറിച്ചതായി പരാതി ഉയർന്നിരുന്നു. വെള്ളമുണ്ട വില്ലേജിലെ സർവേ നമ്പര്‍ 622/ഒന്ന് എയില്‍പെട്ട തോട്ടങ്ങളിലെ നിരവധി വന്മരങ്ങൾ ഉണങ്ങി നശിച്ചിട്ടുണ്ട്.
ഈ ഭൂമിയെല്ലാം കൃഷിയാവശ്യത്തിന് പട്ടയം നല്കിയവയാണ്. ഇവിടെയാണ് ഭൂമി തരംമാറ്റി പാറ ഖനനം അടക്കമുള്ള മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നീക്കം നടത്തിയത്.
പരാതിയെതുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ വ്യക്തിക്ക് ലീസിനനുവദിച്ച 249 നമ്പര്‍ സർവേയില്‍പെട്ട 1.94 ഏക്കര്‍ സ്ഥലം അളന്നു തിരിക്കാനും ഈ ഭൂമിയില്‍ നേരത്തേയുണ്ടായിരുന്ന റിസര്‍വ് മരങ്ങളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനും സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പട്ടയ സ്കെച്ച് ലഭ്യമല്ലെന്നും അതിനാല്‍ സബ്ഡിവിഷന് ജോലികള്‍ നടത്താനാവില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര മലനിരകളിലെ വനത്തോട് ചേർന്ന സ്വകാര്യ തോട്ടങ്ങളിലെ മരംമുറിയെക്കുറിച്ച് വിശദ അന്വേഷണം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അന്വേഷണം കൃത്യമായി നടന്നാൽ പല സ്വകാര്യ വ്യക്തികളും കുടുങ്ങാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.