വെള്ളമുണ്ട: ജില്ലയിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചതിന്റെ നേട്ടം കൊയ്യുകയാണ് സ്വകാര്യ റിസോർട്ടുകൾ. അതേസമയം, സർക്കാർതലത്തിലുള്ള താമസ സൗകര്യങ്ങൾ മോശം അവസ്ഥയിലുമാണുള്ളത്. ബാണാസുര സാഗർ ഡാം പരിസരത്തെ കെട്ടിടങ്ങൾ ഇതിനുദാഹരണമാണ്. ആർക്കും ഉപകാരമില്ലാതെ നശിക്കുകയാണ് വർഷങ്ങളായി ബാണാസുരയിലെ കെട്ടിടങ്ങൾ. ഡാമിന്റെ വിവിധ ഭാഗങ്ങളിലായാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളുള്ളത്.
വിവിധ കാലങ്ങളിലായി നിർമിച്ച ഈ കെട്ടിടങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. സമീപത്തെ വലുതും ചെറുതുമായ നൂറുകണക്കിന് സ്വകാര്യ റിസോർട്ട് ഉടമകൾ ടൂറിസം രംഗത്തെ സാധ്യതകൾ ഉപകാരപ്പെടുത്തി നേട്ടം കൊയ്യുമ്പോഴാണ് എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ച സർക്കാർ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നത്. പ്രവേശന കവാടത്തിനരികിൽ കല്ല് കൊണ്ട് നിർമിച്ച കെട്ടിടങ്ങളിൽ ഒന്നാ രണ്ടോ കെട്ടിടങ്ങൾ മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്.
അവധി ദിവസങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾ പലപ്പോഴും താമസ, വിശ്രമകേന്ദ്രങ്ങൾ തേടി അലയുകയാണ്. ഇവർ സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളുമാണ് ഉപയോഗപ്പെടുത്തുന്നത്. വൻ തുക ഈടാക്കി സ്വകാര്യ മേഖല വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുമ്പോൾ സർക്കാർ കെട്ടിടങ്ങൾ അനാഥമായി കിടക്കുന്നത് അധികൃതരുടെ അനാസ്ഥ കാരണമാണ്. ഡാമിനകത്തെ ഐ.ബി കെട്ടിടമടക്കം നിലവിൽ സഞ്ചാരികൾക്ക് പൂർണമായി നൽകുന്നില്ല.
ഐ.ബി കെട്ടിടത്തിൽ മാത്രമാണ് താമസത്തിനുള്ള സൗകര്യമുള്ളത്. വി.ഐ.പികൾ സന്ദർശത്തിനെത്തുമ്പോൾ മാത്രമാണ് നിലവിൽ ഇവ നൽകുന്നത്. മറ്റ് നിരവധി കെട്ടിടങ്ങൾ ഒഴിച്ചിടുകയാണ്. റൂമുകളായി തിരിച്ച കെട്ടിടങ്ങളും വലിയ ഹാളുകളായുള്ളവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ താമസത്തിനുള്ള സൗകര്യങ്ങൾ കൂടി സജ്ജമാക്കിയാൽ അത് ഏറെ ഉപയോഗപ്പെടും.
ഇവ ഉപയോഗിക്കാതെ വെറുതെയിടുന്നതു മൂലം കോടികളുടെ വരുമാനമാണ് നഷ്ടമാവുന്നത്. നിസാര കാരണങ്ങൾ നിരത്തിയാണ് കെട്ടിടങ്ങൾ കാലങ്ങളായി ഒഴിച്ചിടുന്നത്. വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് അധികൃതർ ഇടപെട്ട് കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താൻ മുമ്പ് നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയിലേക്കു തന്നെ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.