വെള്ളമുണ്ട: സംരക്ഷണത്തിന് പദ്ധതികളില്ലാത്തത് കാരണം പുഴയോരങ്ങൾ വ്യാപകമായി ഇടിഞ്ഞുതാഴുന്നു. പുഴയോരങ്ങൾ സംരക്ഷിക്കാൻ നടപടിയില്ലാതായതോടെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുകയാണ്. മണ്ണ് വീണ് നികന്ന പുഴകളിൽ വേനൽ തുടങ്ങിയതോടെ ക്രമാതീതമായി വെള്ളം വറ്റിയതും കർഷകരെ ആശങ്കയിലാഴ്ത്തി. പടിഞ്ഞാറത്തറ, പുതുശ്ശേരിക്കടവ്, പനമരം, വെണ്ണിയോട്, മാനന്തവാടി ഭാഗങ്ങളിലാണ് വലിയ തോതിൽ പുഴയോരം ഇടിഞ്ഞുതാഴ്ന്നത്. പുഴയരികിലെ ഏക്കർ കണക്കിന് സ്ഥലങ്ങൾ വർഷങ്ങൾക്കകം മഴയിൽ ഇടിഞ്ഞ് ഒലിച്ചുപോയിട്ടുണ്ട്.
പുഴകളിലെ ജലനിരപ്പ് താഴുന്നതിനൊപ്പം പുഴയോരം ഇടിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പുഴയോരങ്ങളിൽ മുമ്പുണ്ടായിരുന്ന മുളങ്കൂട്ടങ്ങളും കൈതകളും നാമാവശേഷമായതോടെ മൺതിട്ടകൾ മാത്രമായി പുഴയോരം മാറി. ഇത് മണ്ണിടിച്ചിൽ രൂക്ഷമാക്കി. കൃഷിയിടങ്ങളും പുറമ്പോക്ക് സ്ഥലങ്ങളുമാണ് ഇടിഞ്ഞില്ലാതെയാവുന്നത്. പുഴയുടെ തീരങ്ങൾ ഇടിഞ്ഞ് വീണ മൺകൂനകൾ പലഭാഗത്തും പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. കനത്ത കാറ്റിലും മഴയിലും പുഴയിലേക്ക് മറിഞ്ഞു വീണ വൻമരങ്ങൾ മാറ്റാനും നടപടിയുണ്ടായിട്ടില്ല. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന ചെക്ക്ഡാമുകളിലും മരത്തടികൾ മാറ്റാതെ കിടക്കുന്നുണ്ട്. പുഴസംരക്ഷണത്തിന് ശാസ്ത്രീയമാർഗങ്ങൾ ആവിഷ്കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.