വൈത്തിരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന ജില്ലകളിലൊന്നാണ് വയനാട്. ടൂറിസം ജില്ലയായ വയനാട്ടിൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാവട്ടെ ഹോട്ടലുകളാണ്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ ഭക്ഷണക്കാര്യത്തിൽ ചൂഷണത്തിന് വിധേയരാകുന്നതായി നിരവധി പരാതികൾ ഉയരുന്നുണ്ട്.
സഞ്ചാരികളെ തീറ്റിപ്പോറ്റാനായി ദിനംപ്രതി നൂറുകണക്കിന് ഹോട്ടലുകളും തട്ടുകടകളുമാണ് മുളച്ചുപൊന്തുന്നത്. ലക്കിടി കവാടം കഴിഞ്ഞു പത്തു കിലോമീറ്റർ പിന്നിടുമ്പോഴേക്കും നൂറിലധികം ഹോട്ടലുകളും തട്ടുകടകളുമാണുള്ളത്. ഇതിൽ 75 ശതമാനവും ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പോ ആവശ്യമായ പരിശോധന നടത്തുന്നില്ല. പല ഹോട്ടലുകളും വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പ് പേരിനൊരു പരിശോധന പോലും നടത്തുന്നില്ല. മഴക്കാലമാകുന്നതോടെ പല ഹോട്ടലുകളുടെയും ചുറ്റുപാടുകൾ വൃത്തിഹീനമായി മാറുന്നത് പതിവാണ്. ഹോട്ടലിലെ മലിന ജലം പൊതുസ്ഥലങ്ങളിലേക്കു ഒഴുക്കുന്ന പ്രവണതയും കുറവല്ല. ഹോട്ടൽ ഭക്ഷണത്തിൽനിന്നുള്ള വിഷബാധ ഏൽക്കുന്നവരുടെ എണ്ണവും ജില്ലയിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചെറുതും വലുതുമായ ഹോട്ടലുകളിൽനിന്നും നൂറുകണക്കിനാളുകൾക്കാണ് വിഷബാധയുണ്ടായത്. അധികൃതർ ഇതൊന്നും ഗൗരവത്തിലെടുക്കാത്തതാണ് വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കുന്നത്. ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയുമായി ദിവസവും നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. സുരക്ഷ മുൻനിർത്തി ജില്ലയിലേക്കെത്തുന്ന സഞ്ചാരികളിൽ പലരും ഭക്ഷണം സ്വയം പാകം ചെയ്ത് കൊണ്ടുവരുന്നുണ്ട്. ഇത് കാരണം ഭക്ഷണ അവശിഷ്ടങ്ങൾ റോഡുവക്കിൽ തള്ളുന്നത് വ്യാപകമായിട്ടുണ്ട്. പല ഹോട്ടലുകളും അമിത നിരക്കാണ് ജനങ്ങളിൽ നിന്ന് ഈടാക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾക്ക് ഏകീകൃത വില നിശ്ചയിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ തരം അരികൊണ്ട് ചോറുണ്ടാക്കി 50 രൂപക്കു വിൽക്കുന്ന ഹോട്ടലുകളും 120 രൂപ ഈടാക്കുന്ന ഹോട്ടലുകളും ധാരാളം. ചില ഹോട്ടലുകളിൽ ബോർഡിൽ ഒരു വിലയും ബില്ലിൽ കൂടിയ വിലയും ഈടാക്കുന്നതായും ആരോപണമുണ്ട്. ജി.എസ്.ടി, സർവിസ് ചാർജ് എന്നിങ്ങനെ പറഞ്ഞാണ് അധിക വില ഈടാക്കുന്നത്. ജില്ലയിലെ ഭക്ഷ്യ സുരക്ഷ വിഭാഗവും ആരോഗ്യ വകുപ്പും കാര്യക്ഷമമായില്ലെങ്കിൽ ദുരന്തങ്ങൾക്ക് സാധ്യത ഏറെയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വൈത്തിരി: ഭക്ഷണത്തിൽ നിന്നും നാലുപേർക്ക് വിഷബാധ ഏറ്റതിനെത്തുടർന്നു വൈത്തിരിയിലെ ഹോട്ടൽ അധികൃതർ പൂട്ടിച്ചു. ചേലോട് പെട്രോൾ പമ്പിന് സമീപമുള്ള ബാംബൂ ഹോട്ടലും ഇതിന്റെ ചുണ്ടയിലുള്ള അനുബന്ധ ഹോട്ടലുമാണ് വെള്ളിയാഴ്ച വിവിധ വകുപ്പുദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനക്ക് ശേഷം അടപ്പിച്ചത്. ഭക്ഷ്യ, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
മാനന്തവാടി: ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സാഗർ ഹോട്ടലിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഹോട്ടൽ ഉപരോധിച്ചു. ഒരു മാനദണ്ഡവും പാലിക്കാതെ ചായക്കും എണ്ണക്കടിക്കും13 രൂപയും ചോറിന് 70 , ബിരിയാണിക്ക് ചിക്കന് 170, ബീഫിന് 150 രൂപയായാണ് വർധിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. നഗരസഭ ഫുഡ് ഇൻസ്പെക്ടറിന്റെയും മാനന്തവാടി പൊലീസ് സബ് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലുകാരുമായി നടത്തിയ ചർച്ചയിൽ വില കുറച്ച് പഴയ വില ബോർഡിൽ പ്രദർശിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. അമിത വില ഇടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഹോട്ടലുകൾക്കെതിരെ വരും ദിവസങ്ങളിൽ പ്രത്യക്ഷസമരത്തിന് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. നിഷാന്ത്, സുനിൽ ആലുങ്കൽ, എം.പി. ശശികുമാർ, കെ.പി. ഹംസ. അലക്സ് കൽപ്പകവാടി , ഒ.എം. ദീപു, തോമസ് കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി.
വൈത്തിരി: വൈത്തിരിയിലെ ഹോട്ടൽ ഭക്ഷണത്തിൽനിന്നും വിഷബാധയേറ്റ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ ചികിത്സയിലുള്ള 11 കാരിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി പിതാവ് ചാത്തമംഗലം സ്വദേശി രാജേഷ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടോടെ കുട്ടിയെ ഐ.സി.യുവിൽ നിന്നും വാർഡിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.