കോതമംഗലം: ഒരുകാലത്ത് യു.ഡി.എഫിന്റെ ഉറച്ച മണ്ഡലം എന്ന് കരുതപ്പെട്ടിരുന്നു കോതമംഗലം നിയമസഭ മണ്ഡലം. ഇടത് സ്ഥാനാർഥിയായി മത്സരിച്ച ആൻറണി ജോണിന്റെ കഴിഞ്ഞ രണ്ട് തവണത്തെ തുടർച്ചയായ വിജയം ഈ വിശ്വാസത്തിന് കോട്ടം തട്ടിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ കാലത്തും യു.ഡി.എഫിനൊപ്പമാണ് കോതമംഗലം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് തോറ്റെങ്കിലും മണ്ഡലത്തിൽ ജോയ്സ് ജോർജിനെക്കാൾ 2476 വോട്ട് അധികം നേടിയിരുന്നു.
2019 ൽ ഡീൻ വിജയിക്കുമ്പോൾ 20596 ആയി ഭൂരിപക്ഷം ഉയർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ആൻറണി ജോണിന് 2016ൽ 19282 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2021ൽ 6605 ആയി കുറഞ്ഞു. യു.ഡി.എഫ് വിരുദ്ധ തരംഗത്തിലും ഭൂരിപക്ഷം കാത്ത മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മുന്നണി ക്യാമ്പ്. സാമുദായിക സമവാക്യങ്ങളിൽ വന്ന മാറ്റങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ എത്രമാത്രം പ്രതിഫലിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം. 2014ൽ ജോയ്സ് ജോർജ് ഇടത് സ്വതന്ത്രനായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയിൽ മത്സരിക്കുമ്പോഴും കോതമംഗലത്ത് വോട്ടിങ് നില ഉയർത്താൻ കഴിഞ്ഞിരുന്നില്ല.
യാക്കോബായ സഭ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് നൽകിയ പിന്തുണ ഇത്തവണ എപ്രകാരമായിരിക്കുമെന്ന് പരസ്യപ്പെടുത്തിയിട്ടുമില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിലനിർത്താനുള്ള ഒരുക്കങ്ങളാണ് ആൻറണി ജോൺ എം.എൽ.എയെ മുൻനിർത്തി എൽ.ഡി.എഫ് ക്യാമ്പ് നടത്തുന്നത്. പരമാവധി വോട്ട് നേടി സമാഹരിക്കുകയും വോട്ട് കച്ചവടം എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ആരോപണങ്ങളെ മറികടക്കുകയുമാണ് എൻ.ഡി.എയുടെ ബി.ഡി.ജെ.എസ് സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ ലക്ഷ്യം. പല്ലാരിമംഗലം, കവളങ്ങാട്, നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും എൽ.ഡി.എഫിനും കുട്ടമ്പുഴ, കീരംപാറ, വാരപ്പെട്ടി, പിണ്ടിമന പഞ്ചായത്തുകളിൽ യു.ഡി.എഫിനുമാണ് ഭരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചിട്ടയായ പ്രവർത്തനങ്ങളുമായി എൽ.ഡി.എഫാണ് മുന്നിൽ. സംസ്ഥാന സർക്കാരിനെതിരായ വികാരം വോട്ടായി മാറുമെന്നും മണ്ഡലത്തിൽ മേൽക്കൈ നിലനിർത്താനാകുമെന്നുമാണ് യു.ഡി.എഫ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.