തലശ്ശേരി: ഇടതിനൊപ്പം ചേർന്നുള്ള പാരമ്പര്യമാണ് തലശ്ശേരി മണ്ഡലത്തിന്റേത്. 1957ൽ രൂപവത്കൃതമായ തലശ്ശേരി മണ്ഡലത്തിന്റെ ഇടത് ചരിത്രം തിരുത്തിക്കുറിക്കാൻ മറുപക്ഷത്തിന് സാധിച്ചിട്ടുമില്ല. ചരിത്രം ഇതൊക്കെയാണെങ്കിലും തലശ്ശേരി ഉൾപ്പെടുന്ന വടകര ലോക്സഭ മണ്ഡലം തുടർച്ചയായി രണ്ടു തവണ യു.ഡി.എഫിന്റെ കൈയിലാണ്. ആ സീറ്റ് തിരിച്ചുപിടിക്കാനാണ് മുൻ മന്ത്രി കെ.കെ. ശൈലജയെ വടകരയിലേക്ക് എൽ.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയത്.
ഒരു നഗരസഭയും അഞ്ച് പഞ്ചായത്തുകളുമടങ്ങിയതാണ് തലശ്ശേരി മണ്ഡലം. തലശ്ശേരി നഗരസഭ കാൽ നൂറ്റാണ്ടിലേറെയായി ഇടതിന്റെ കൈയിൽ ഭദ്രം. എരഞ്ഞോളി, കതിരൂർ, ന്യൂമാഹി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളുടെ ഭരണവും എൽ.ഡി.എഫിന്റെ കീഴിൽ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷമാണ് നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന് ലഭിച്ചത് - 36801.
ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുണ്ടായിരുന്നില്ല. എന്നാൽ, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ വലിയ ഭൂരിപക്ഷമൊന്നും ഇടതുമുന്നണിക്ക് ലഭിച്ചില്ല. യു.ഡി.എഫിലെ കെ. മുരളീധരനേക്കാൾ 11469 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജന് നേടാനായുളളൂ. അതായത്, ജില്ലയിലെ പല മണ്ഡലങ്ങളിലുമെന്ന പോലെ നിയമസഭയിലേതുപോലുള്ള ഭൂരിപക്ഷം ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ല.
പരമാവധി വോട്ട് സമാഹരിക്കുകയാണ് ഇത്തവണ എൽ.ഡി.എഫ് ലക്ഷ്യം. ബി.ജെ.പി സ്ഥാനാർഥി വി.കെ. സജീവന് 13456 വോട്ടുകൾ കഴിഞ്ഞ തവണ മാത്രമാണ് പെട്ടിയിലായത്. എന്നാൽ, ഈ നിലയിൽനിന്ന് മാറി തലശ്ശേരിയിൽനിന്നും കാര്യമായ വോട്ട് ഇത്തവണ ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ആ നിലക്ക് വൻ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.