തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മുഖ്യവിഷയം മുന്നണികളുടെ ബി.ജെ.പി ബന്ധം. ബി.ജെ.പി വിരുദ്ധതയിൽ ആരാണ് മുന്നിലെന്ന് സ്ഥാപിക്കാനാണ് എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ മത്സരം. എ.കെ. ആന്റണിയുടെ മകൻ അനിലിന് പിന്നാലെ കെ. കരുണാകരന്റെ മകൾ പത്മജയും ബി.ജെ.പിയിലെത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം കടുത്ത ആക്രമണമാണ് കോൺഗ്രസിനെതിരെ നടത്തുന്നത്.
ഇതിനിടയിൽ, കോൺഗ്രസിന് പിടിവള്ളിയായത് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ വാവിട്ട വാക്കുകളാണ്. സംസ്ഥാനത്ത് മത്സരം എൽ.ഡി.എഫും ബി.ജെ.പിയുമാണെന്ന് പറഞ്ഞ ഇ.പി ബി.ജെ.പി സ്ഥാനാർഥികളിൽ പലരും മികച്ചവരെന്നും തുറന്നടിച്ചു. കോൺഗ്രസിനെ താഴ്ത്തിക്കെട്ടാൻ പറഞ്ഞ വാക്കുകൾ യഥാർഥത്തിൽ ബി.ജെ.പിക്ക് ലഭിച്ച അംഗീകാരമായി ഏറ്റെടുത്ത് ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനുൾപ്പെടെ രംഗത്തുവന്നതാണ് പിന്നെ കണ്ടത്.
ബി.ജെ.പിക്കുവേണ്ടി വോട്ടുപിടിക്കുന്ന ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറാണോ, അതോ എൻ.ഡി.എ കൺവീനറാണോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കി. പിണറായിയും മോദിയും തമ്മിലുള്ള അന്തർധാരയുടെ തെളിവായി ജയരാജന്റെ വാക്കുകൾ ഉയർത്തിക്കാട്ടുമ്പോൾ കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് ആരോപിച്ച സി.പി.എം അതേ വിഷയത്തിൽ പ്രതിരോധത്തിലായി.
തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇ.പിയെ തിരുത്തി കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് വിശദീകരിച്ചത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യം ആവർത്തിച്ചു.
ഇ.പി. ജയരാജനും പിന്നീട് തിരുത്തിയെങ്കിലും പാർട്ടി കുരുങ്ങിയ കുരുക്ക് അഴിയുന്നില്ല. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം ഉയരുകയും ഇൻകം ടാക്സ്, ഇ.ഡി അന്വേഷണം വരുകയും ചെയ്തപ്പോൾ റിസോർട്ടിൽ ഭാര്യക്കും മകനുമുള്ള ഓഹരി കൈമാറി തടിയൂരുകയാണ് ജയരാജൻ ചെയ്തത്. പ്രസ്തുത ഓഹരി ഏറ്റെടുത്തത് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള നിരാമയ കമ്പനിയാണ്.
ബി.ജെ.പി സ്ഥാനാർഥികൾ മികച്ചതെന്ന് പറയുന്ന ഇ.പി. ജയരാജൻ തന്റെ ബിസിനസ് ബന്ധം രാഷ്ട്രീയ ബന്ധമാക്കി വളർത്തിയെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. ബിസിനസ് ബന്ധമില്ലെന്നും തമ്മിൽ കണ്ടിട്ടുപോലുമില്ലെന്നും ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറും വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.