കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്നവർ രണ്ട്ചേരിയായും എതിർത്ത് നിന്നവർ ഒരുമിച്ചും തെരഞ്ഞെടുപ്പ്ഗോദയിലിറങ്ങുന്ന കാഴ്ചയാണ് കോട്ടയത്ത്. 2019 ൽ യു.ഡി.എഫിനായി ജയിച്ച കേരള കോൺഗ്രസ് എമ്മിന്‍റെ തോമസ് ചാഴികാടൻ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുമ്പോൾ എതിരാളികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാഴികാടന് വേണ്ടി വോട്ട് പിടിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉൾപ്പെട്ട യു.ഡി.എഫും. 2019 ൽ തോൽപിച്ച സി.പി.എമ്മിന്‍റെ മന്ത്രി വി.എൻ. വാസവനും സംഘവുമാണ് ഇക്കുറി ചാഴികാടനായി വോട്ട് പിടിക്കാൻ സജീവമായുള്ളതും.
സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച കോട്ടയത്ത് ഇക്കുറി കേരളകോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്. 44 വർഷത്തിന് ശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും നേരിട്ട് ഏറ്റുമുട്ടുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിന്‍റെ തോമസ് ചാഴികാടനും യു.ഡി.എഫിന്‍റെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി ഫ്രാൻസിസ് ജോർജും ജനങ്ങളെ കണ്ട് വോട്ട് ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാകും സ്ഥാനാർഥിയെന്നാണ് സൂചന. വികസന മുരടിപ്പാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നം.
സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അത് ഉറപ്പിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങളിലാണ് മുന്നണികൾ. കോൺഗ്രസിന് താൽപര്യമുണ്ടായിരുന്ന സീറ്റായിരുന്നു കോട്ടയമെങ്കിലും മുന്നണി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് സീറ്റ് നൽകിയത്. ക്രിസ്ത്യൻ വോട്ടർമാർ നിർണായക സ്വാധീനം വഹിക്കുന്ന മണ്ഡലത്തിൽ ഈഴവ, നായർ വോട്ടുകൾക്കും വലിയ പ്രാധാന്യമാണുള്ളത്. കോട്ടയത്തെ ആറും എറണാകുളത്തെ പിറവവും ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം പാർലമെന്‍റ് മണ്ഡലം. 2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ഇക്കുറി മാറി ചിന്തിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. ഏറ്റവും കൂടുതൽ വികസനം നടത്തിയ എം.പിയെന്ന നിലയിലാണ് ചാഴികാടൻ ഇപ്പോൾ പ്രചാരണ രംഗത്ത് സജീവമായിട്ടുള്ളത്.
പാർലമെന്‍റ് അംഗം എന്ന മുൻകാല പരിചയവുമായി പ്രചാരണത്തിലുള്ള ഫ്രാൻസിസ് ജോർജിനാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങൾക്ക് മധുര പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണിത്.
ചാഴികാടന്‍റെ പേരിനൊപ്പം രണ്ടില ചിഹ്നവും ചുവരെഴുത്തിൽ കാണാമെങ്കിൽ ജോസഫ് വിഭാഗത്തിന് ഔദ്യോഗിക ചിഹ്നമില്ലാത്തതിനാലും തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കാത്തതിനാലും ‘യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്’ എന്ന ചുവരെഴുത്തുകളാണ് മണ്ഡലത്തിൽ ദർശിക്കാനാകുന്നത്.
കോട്ടയം മണ്ഡലത്തിലുൾപ്പെട്ട നിയമസഭ മണ്ഡലങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ യു.ഡി.എഫിന്‍റെ മേൽക്കൈയാണ് പ്രകടം. ഏഴ് മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ് എം.എൽ.എമാരാണ്. ഏറ്റുമാനൂരും വൈക്കവും മാത്രമാണ് എൽ.ഡി.എഫിനെ പിന്തുണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.