കോട്ടയം: വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ തന്നെ ആരംഭിച്ച മുന്നേറ്റം അവസാനം വരെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ്.
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ ഒന്നാം മണിക്കൂറിൽ 423 വോട്ടിന്റെ ലീഡ് കാണിച്ചെങ്കിലും പിന്നീട് ഒരിക്കൽ പോലും യു.ഡി.എഫിന് ഭീഷണിയായില്ല. അവസാന റൗണ്ടിൽ പുതുപ്പള്ളിയിലെ ഒരു ബൂത്ത് മാത്രമാണുണ്ടായിരുന്നത്.
ഇവിടെ തോമസ് ചാഴികാടൻ 10 വോട്ടിന്റെ ഭൂരിപക്ഷം നേടി. ആകെ 14 റൗണ്ടുകളാണുണ്ടായിരുന്നത്. വോട്ടെണ്ണൽ തുടങ്ങി 15ാം മിനിറ്റിൽ വന്നത് ഫ്രാൻസിസ് ജോർജിന്റെ 127 വോട്ടുകളുടെ ലീഡാണ്. തുടർന്ന് ഓരോ റൗണ്ട് എണ്ണുമ്പോഴും ലീഡ് നില ഉയർന്നു. ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ ഫ്രാൻസിസ് ജോർജ്, തോമസ് ചാഴികാടനെക്കാൾ 2805 വോട്ട് മുന്നിലായിരുന്നു. 6234 ആയിരുന്നു രണ്ടാം റൗണ്ടിലെ ഭൂരിപക്ഷം. മൂന്നാം റൗണ്ടിൽ ഭൂരിപക്ഷം 9354 ആയി. നാലാം റൗണ്ടിൽ 8886 ആയി. അഞ്ചാംറൗണ്ടിൽ 2948 ആയി കുറഞ്ഞു. ആറാം റൗണ്ടിൽ 9784, ഏഴാം റൗണ്ടിൽ 8611, എട്ടാം റൗണ്ടിൽ 4162, ഒമ്പതാം റൗണ്ടിൽ 6102, പത്താം റൗണ്ടിൽ 5381, 11ാം റൗണ്ടിൽ 7052, 12ാം റൗണ്ടിൽ 4382, 13ാം റൗണ്ടിൽ 4260 എന്നിങ്ങനെ ആയിരുന്നു ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം. 14ാം റൗണ്ടിൽ 10 വോട്ടുകളുടെ ഭൂരിപക്ഷം ചാഴികാടൻ നേടി. എസ്.എച്ച്. മൗണ്ടിലെ വസതിയിലിരുന്നാണ് തോമസ് ചാഴികാടൻ വോട്ടെണ്ണൽ നിരീക്ഷിച്ചത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയുടെ ലീഡ് നില ഉയരുന്ന സൂചന ലഭിച്ചതോടെ കേരള കോൺഗ്രസ് എം ക്യാമ്പുകൾ നിരാശയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.