മാവേലിക്കര: കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ ഇരുമുന്നണികളെയും നെഞ്ചേറ്റിയ ചരിത്രമാണ് മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക മണ്ണായ മാവേലിക്കരക്കുള്ളത്. മാവേലിക്കര മണ്ഡലം ഓണാട്ടുകരയുടെ ഹൃദയഭൂമികൂടിയാണ്. കേരളപ്പിറവിക്കുശേഷം 1957ലെ ആദ്യനിയമസഭ തെരഞ്ഞെടുപ്പ് മുതലുള്ള ചരിത്രം നോക്കിയാൽ ഇടതിനും വലതിനും അവസരം കൊടുത്ത മണ്ഡലമാണ് മാവേലിക്കര. അൽപം കൂടുതൽ തവണ ഇടതുവശം ചേർന്നാണ് പോയതെങ്കിലും ഒട്ടുംകുറയാതെ വലതുപക്ഷത്തിനോടും കൂറുകാട്ടിയ മണ്ഡലം. 2011 മുതൽപട്ടികജാതി സംവരണമണ്ഡലമാണിത്.
വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുക്കുന്നതിൽ ഇവിടത്തെ വോട്ടർമാർ ഒരിക്കലും മടികാട്ടിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പുകളിൽ തൊട്ടുമുമ്പുള്ള മൂന്നുതവണ എൽ.ഡി.എഫിന് അവസരം നൽകി. അതിന് മുമ്പ് യു.ഡി.എഫിനെയാണ് സ്വീകരിച്ചതെന്നും ശ്രദ്ധേയമാണ്. എന്നാൽ, ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയമസഭമണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന പ്രവചനം അസാധ്യമാണ്. ലോക്സഭ തെരഞ്ഞെടുപ്പും പോരാട്ടവും ഈ മണ്ഡലത്തിൽ തീപാറുകയാണ്. മൂന്ന് പാളയങ്ങളിലും ആത്മവിശ്വാസവും ആവേശവും ഉയർന്നിട്ടുണ്ട്.
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റിൽ വിജയം ആവർത്തിക്കാൻ കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷും എൽ.ഡി.എഫിൽ സി.പി.ഐ യുവപോരാളി സി.എ. അരുൺകുമാറുമാണ് പടനയിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ സ്ഥാനാർഥിത്വം വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും മാവേലിക്കരയിൽ എൽ.ഡി.എഫിന് ഒപ്പം പ്രചാരണം എത്തിക്കാൻ പരിശ്രമത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിൽ സുപരിചിതനായ കൊടിക്കുന്നിലിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നത് യു.ഡി.എഫ് ക്യാമ്പുകളിൽ ഏറെ ആത്മവിശ്വാസം നൽകുന്നു.
മണ്ഡലത്തിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽവോട്ടുകൾ നേടി ഒന്നാമതെത്തുമെന്നാണ് യു.ഡി.എഫ് പക്ഷം അവകാശപ്പെടുന്നത്. മൂന്ന് തവണായി മണ്ഡലത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം. മാവേലിക്കര റെയില്‍വേ സ്റ്റേഷൻ വികസനവും മറ്റും ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾക്ക് മൂന്ന് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നുള്ള വിമർശനമുണ്ട്. മണ്ഡലത്തിൽ പുതുമുഖമാണ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാർ. മാവേലിക്കരയുടെ മാറ്റത്തിന് യുവത്വമുള്ള ഒരാള്‍ വരണമെന്ന തരത്തിലാണ് എൽ.ഡി.എഫിന്റെ പ്രചാരണം.
കഴിഞ്ഞ തവണ ലഭിച്ച നഷ്ടംനികത്തി മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് അരുൺ കുമാറിനുള്ളത്. മണ്ഡലത്തിൽ കഴിഞ്ഞ തവണയേറ്റ പരാജയം ഇത്തവണ ഉണ്ടാകില്ലെന്നും വൻമുന്നേറ്റമുണ്ടാകുമെന്നും എൽ.ഡി.എഫ് ക്യാമ്പ് അവകാശപ്പെടുന്നു. പുതിയ മുഖമാണെങ്കിലും കർഷക ജാഥയടക്കമുള്ള വിവിധ പരിപാടികളിലൂടെ അരുൺകുമാറിനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിചയപ്പെടുത്താൻ നേതൃത്വം ശ്രമിച്ചിരുന്നു. ഈ പരിചയപ്പെടുത്തൽ അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ് നേതൃത്വം.
കോൺഗ്രസിൽ നിന്നും എൻ.ഡി.എക്കൊപ്പം ചേർന്ന ബൈജു കലാശാലയും അടർക്കളത്തിലുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി മാവേലിക്കര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചയാളാണ് ബൈജു കലാശാല. ബൈജുവഴി കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. എന്നാൽ മൂന്നു മുന്നണികളുടെയും പ്രവർത്തനം അടിത്തട്ടിൽ ദുർബലമാണ്. എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രസ്താവന പോലും ഇതുവരെയും വോട്ടർമാരുടെ പക്കൽ എത്തിയിട്ടില്ല.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 969 വോട്ടിന്റെ നേട്ടം കൊടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.എസ്. അരുൺകുമാർ 71743 വോട്ട് നേടി 24717 വോട്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കെ.കെ. ഷാജുവിനെയാണ് തോൽപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14,213 വോട്ട് കൂടുതൽ ലഭിച്ചു. മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതുപക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നവയാണ്.
മണ്ഡല പരിധിയിലുള്ള എല്ലാ ജില്ലപഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണിയാണ് വിജയിച്ചത്. രണ്ട് ബ്ലോക്ക്പഞ്ചായത്തുകളും തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളും ഇടതുമുന്നണി ഭരിക്കുന്നു. മാവേലിക്കര നഗരസഭയിലും താമരക്കുളം പഞ്ചായത്തിലും മാത്രമാണ് യു.ഡി.എഫ്. ഭരണമുള്ളത്. മാവേലിക്കര നഗരസഭയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഒമ്പത് സീറ്റുകൾ വീതം നേടിയതിനാൽ സി.പി.എം വിമതനെ ചെയർമാനാക്കിയാണ് യു.ഡി.എഫ് ഭരണം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.