കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രചാരണം ശക്തമാക്കി മുന്നണികൾ. സ്ഥാനാർഥികൾ വോട്ടഭ്യർഥിച്ച് ജനങ്ങളിലേക്കിറങ്ങി. മാതൃക പെരുമാറ്റച്ചട്ടം ജില്ലയില്‍ നിലവില്‍വന്നതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ജില്ല കലക്ടര്‍ അവലോകനം ചെയ്തു.
ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസി. കലക്ടര്‍ പ്രതീക് ജെയിന്, വടകര മണ്ഡലം വരണാധികാരികൂടിയായ എ.ഡി.എം.കെ അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവൻ ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കക്കോടിയില്‍ നിന്ന്. രാവിലെ എലത്തൂര്‍ മണ്ഡലത്തിലെത്തിയ സ്ഥാനാര്‍ഥി കക്കോടിയില്‍ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്ന് ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഗ്രീന്‍ അറീന ഓഡിറ്റോറിയത്തിലെത്തിയ സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്പ് ഒരുക്കി.
ബാലുശ്ശേരി തെരഞ്ഞെടുപ്പ് കണ്വെന്ഷന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എലത്തൂര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പങ്കെടുത്തു. കണ്വെന്ഷന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉച്ചക്കുശേഷം കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. ഉച്ചകഴിഞ്ഞ് ചേളന്നൂര്‍ ഊട്ടുകുളം ശ്രീ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച സ്ഥാനാര്‍ഥി, തിറ മഹോത്സവത്തിനെത്തിയ വിശ്വാസികളോട് അനുഗ്രഹ ആശീര്‍വാദങ്ങള്‍ തേടി. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ചു. വൈകീട്ട് കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ച കെ.എന്‍.എം മര്‍കസുദ്ദഅ്വ സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.
കോഴിക്കോട്: ‘പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ’ എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് നൈറ്റ് മാർച്ച് നടത്തി. കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെ നേതൃത്വത്തിലാണ് രാത്രിയിൽ നഗരത്തിൽ മാർച്ച് നടന്നത്. മുതലക്കുളത്തുനിന്ന് ആരംഭിച്ച മാർച്ച് പുതിയ ബസ് സ്റ്റാൻഡ് സമീപത്ത് അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. എ. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപറേഷൻ നികുതി അപ്പീൽ സമിതി ചെയർമാൻ പി.കെ. നാസർ, എം. ഗിരീഷ്, എൽ. രമേശൻ, അഡ്വ. സൂര്യനാരായണൻ, പി. ഉഷാദേവി, കെ.ടി. സജിത, കിഷൻചന്ദ്, പി.ടി. ആസാദ് തുടങ്ങിയവരും മാർച്ചിൽ അണിനിരന്നു. ശനിയാഴ്ച രാവിലെ എട്ടിന് പെരുമണ്ണ പഞ്ചായത്തിലെ പയ്യടി മേത്തലിൽനിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെ പര്യടനം ആരംഭിച്ചത്.
നാദാപുരം: വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോയോടെ നാദാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം. കല്ലാച്ചി പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോ മണ്ഡലം കൺവെൻഷൻ വേദിക്ക് സമീപം സമാപിച്ചു. നിരവധി പ്രവർത്തകർ ഷാഫിയെ അഭിവാദ്യമർപ്പിക്കാൻ ഒത്തുകൂടി. മണ്ഡലം കൺവെൻഷൻ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കൻ, പാറക്കൽ അബ്ദുല്ല, അഡ്വ. ഐ. മൂസ, സി.കെ. സുബൈർ, എൻ. വേണു, റിജിൽ മാക്കുറ്റി സംസാരിച്ചു.
വടകര: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറും കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജനും ഒരേസമയം പ്രചാരണത്തിന്. കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ തൊഴിലാളികളിൽനിന്ന് വോട്ടഭ്യർഥിച്ചാണ് ഇരു സ്ഥാനാർഥികളും പ്രചാരണത്തിനെത്തിയത്. വടകര, കണ്ണൂർ പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൂത്തുപറമ്പിലെ വലിയ വെളിച്ചം വ്യവസായകേന്ദ്രം.
ഇരുവരെയും വാദ്യമേളത്തിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. സ്ഥാനാർഥികളെ മാനേജ്മെന്റ് പ്രതിനിധികളും ട്രേഡ് യൂനിയൻ നേതാക്കളും ചേർന്ന് വരവേറ്റു. സ്വീകരണ യോഗത്തിൽ മരിയൻ അപ്പാരൽസ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു പ്രസിഡന്റ് ടി. പവിത്രൻ അധ്യക്ഷതവഹിച്ചു. സ്ഥാനാർഥികളായ കെ.കെ. ശൈലജ, എം.വി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എം.വി. ചന്ദ്രബാബു, കെ.കെ. പ്രവീണ, എൻ. സിന്ധു തുടങ്ങിയവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ. ധനഞ്ജയൻ, കെ.ഇ. കുഞ്ഞബ്ദുല്ല, സി.വി. ശശീന്ദ്രൻ, ടി. ബലൻ, കെ. കുഞ്ഞനന്തൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.