കൊച്ചി: തെരഞ്ഞെടുപ്പിന് പ്രതികൂല ആഹ്വാനം ഉണ്ടാകരുതെന്ന് അഭ്യർഥിച്ചും പാർട്ടിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ രഹസ്യമായെങ്കിലും അനുകൂല ഇടപെടൽ ആരാഞ്ഞും ക്രൈസ്തവ സഭ തലവന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂത്. മണിപ്പൂരിൽ കേന്ദ്രസർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ക്രൈസ്തവ സംരക്ഷണം ഭാവിയിൽ കൂടുതൽ ഉറപ്പിക്കുന്നതിൽ ശ്രദ്ധിക്കുമെന്നുംകൂടി വാഗ്ദാനം ചെയ്തും മോദിയുടെ വിശ്വസ്തനും ഡൽഹി ലഫ്. ഗവർണറുമായ വിനയ് സക്സേനയാണ് നേരിട്ടെത്തിയത്.
വോട്ട് ആർക്കെന്ന് സൂചന നൽകുന്ന ഇടയലേഖനംപോലെ അവസാന നിമിഷം സന്ദേശമൊന്നും പുറപ്പെടുവിക്കരുതെന്നാണ് ഒരഭ്യർഥന. സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കം തലവന്മാരെ കണ്ട അദ്ദേഹം, മോദി വീണ്ടും വരുമെന്ന് ഉറപ്പാണെന്നും ക്രൈസ്തവർക്ക് ഗുണകരമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായും പറഞ്ഞു. മണിപ്പൂരിൽ വേദനിക്കുന്നവർക്കൊപ്പമാണ് മോദി. കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടായിരുന്നില്ല, ഗോത്രവർഗ സംഘർഷമായിരുന്നു. ബി.ജെ.പി ഇതിൽ പക്ഷംപിടിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന തിരുവനന്തപുരത്തും സുരേഷ് ഗോപി പ്രതീക്ഷവെക്കുന്ന തൃശൂരിലും സഹായിച്ചാൽ വലിയ നേട്ടമുണ്ടാകുമെന്നും വാഗ്ദാനമുണ്ട്.
സക്സേനയുടേത് അസാധാരണ സന്ദർശനമായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ നിയമനടപടിക്ക് തുടക്കമിട്ടയാളാണ് സക്സേന. ചൊവ്വാഴ്ച രാത്രി എത്തിയ അദ്ദേഹം ബുധനാഴ്ച സഭ മേലധ്യക്ഷരെ കണ്ടതു കൂടാതെ നിശ്ശബ്ദ പ്രചാരണ ദിനമായ വ്യാഴാഴ്ച ഓർത്തഡോക്സ് സഭ ഉൾപ്പെടെ ഇതര ക്രൈസ്തവ സഭ നേതൃത്വങ്ങളെ കാണാനും പരിപാടിയുണ്ട്. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോയെ വ്യാഴാഴ്ച രാവിലെ കാണാൻ താൽപര്യം അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ള ആരെയും കാണുന്നില്ലെന്ന നിലപാടിലാണ് അതിരൂപത നേതൃത്വമെന്ന് അറിയുന്നു. വെള്ളിയാഴ്ച രാവിലെ മടങ്ങുമെന്നാണ് സൂചന.
മണിപ്പൂർ കലാപത്തിൽ സമുദായത്തിന് വേദനയുണ്ടെന്നും മുറിവുണക്കാൻ വൈകിയെന്നും സക്സേനയെ ആർച്ച്ബിഷപ്പ് റാഫേൽ അറിയിച്ചെന്നാണ് വിവരം. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീതിപൂർവ ഇടപെടൽ വാഗ്ദാനം ചെയ്തതിൽ നന്ദിയും അറിയിച്ചു. അതേസമയം, സക്സേനയുടെ ദൂത് ബി.ജെ.പിക്ക് പ്രതീക്ഷിച്ച ഗുണം നൽകില്ലെന്നാണ് സഭ നേതൃത്വങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.