പൊടുന്നനെയുള്ള നീക്കത്തിൽ സിറ്റിങ് എം.പി ടി.എൻ പ്രതാപനെ മാറ്റി കോൺഗ്രസ് കെ. മുരളീധരനെ കളത്തിലിറക്കിയതു മുതൽ ഇന്നലെ വരെ ആവർത്തിച്ചു കേൾക്കുന്നത് ‘ഡീൽ’, ‘അന്തർധാര’ എന്നീ വാക്കുകളാണ്. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ ജയിപ്പിക്കാനും പകരം തൃശൂരിൽ ബി.ജെ.പിക്ക് വോട്ട് മറിക്കാനും സി.പി.എം ബി.ജെ.പിയുമായി ‘ഡീലു’ണ്ടാക്കിയെന്നാണ് മുരളീധരനും മറ്റു കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നത്. എന്നാൽ, എൽ.ഡി.എഫും സി.പി.എമ്മും സ്ഥാനാർഥി വി.എസ്. സുനിൽ കുമാറും ഇതിനെ പുച്ഛിച്ചുതള്ളുന്നു. തുടക്കത്തിലുണ്ടായ ത്രികോണമത്സര പ്രതീതിയിൽനിന്ന് ക്രമേണ യു.ഡി.എഫ്-എൽ.ഡി.എഫ് മത്സരത്തിലേക്കു നീങ്ങിയ തൃശൂരിൽ പ്രചാരണം അവസാനത്തോടടുക്കുമ്പോൾ കാര്യങ്ങൾ വീണ്ടും കുഴച്ചുമറിച്ചത് തൃശൂർ പൂരമാണ്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതും അന്തർധാരയുടെ ഭാഗമായി കെ. മുരളീധരൻ വ്യാഖ്യാനിക്കുമ്പോൾ വൻ ഗൂഢാലോചനയാണ് ബി.ജെ.പിയും സുരേഷ് ഗോപിയും ആരോപിക്കുന്നത്. എന്നാൽ, ആർ.എസ്.എസ് ഗൂഢാലോചനയുടെ ഫലമാണ് സംഭവങ്ങളെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പോയന്റിൽ മുരളീധരനും സുരേഷ് ഗോപിയും യോജിക്കുന്നു.
ഗുരുവായൂർ, നാട്ടിക, മണലൂർ, തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സഭ മണ്ഡലം. പ്രചാരണത്തിന്റെ ആഴവും പരപ്പും അളവുകോലാക്കിയാൽ എൽ.ഡി.എഫ് ഏറെ മുന്നിലാണ്. ഇക്കാര്യത്തിൽ ഒരളവോളം യു.ഡി.എഫിനും അതിലേറെ എൻ.ഡി.എക്കും പോരായ്മകളുണ്ട്. വി.എസ്. സുനിൽകുമാറിന് മണ്ഡലവും ജില്ലയുമായുള്ള പൊക്കിൾക്കൊടി ബന്ധം എൽ.ഡി.എഫിന് മുതൽക്കൂട്ടാണ്. എല്ലായിടത്തും സി.പി.എമ്മാണ് എൽ.ഡി.എഫിനുവേണ്ടി പടനയിക്കുന്നത്. കെ. മുരളീധരന്റെ വരവിനുശേഷമുള്ള യു.ഡി.എഫിന്റെ ഗ്രാഫ് മുകളിലാണെന്ന കാര്യത്തിൽ സംശയമില്ല. തൃശൂരിലടക്കം അനവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയവും തോൽവിയും രുചിച്ച തന്നെ അടിതട പരിശീലിപ്പിക്കേണ്ടതില്ലെന്ന് മുരളീധരൻ കോൺഗ്രസിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ളവർക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. സംഘടനാപരമായ ദൗർബല്യങ്ങളെ അതിജീവിക്കുന്നത് മുരളീധരന്റെ സിദ്ധിയിൽ തന്നെയാണ്.
തൃശൂർ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും ഇവിടെ തുടർന്ന സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ക്യാമ്പും ഏറ്റവും ഒടുവിലത്തെ ‘പൂരാലങ്കോലം’ പരമാവധി ഉപയോഗിക്കുന്നുണ്ട്. പ്രചാരണത്തിൽ ചിലയിടത്തെങ്കിലും യു.ഡി.എഫിനെ വെല്ലുന്ന പ്രകടനം എൻ.ഡി.എക്കുണ്ടെങ്കിലും അടിത്തട്ട് ഇപ്പോഴും ദുർബലമാണ്. സ്ഥാനാർഥി എല്ലാവർക്കും പ്രാപ്യമല്ലെന്ന തോന്നൽ പാർട്ടിയിൽതന്നെയുണ്ട്. മണിപ്പൂരടക്കമുള്ള സംഭവങ്ങൾക്കുശേഷമുള്ള തെരഞ്ഞെടുപ്പാണ്. ക്രൈസ്തവ വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലം. സഭ പുറമേക്ക് പ്രകടിപ്പിക്കുന്ന വികാരമനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ എൻ.ഡി.എ വിയർക്കും. അതിന്റെ ഗുണം യു.ഡി.എഫിനോ എൽ.ഡി.എഫിനോ അധികം കിട്ടുകയെന്ന് കണ്ടറിയണം. പ്രാദേശിക ‘സുവർണാവസര’മായി പൂരാലങ്കോലം ഉപയോഗിക്കാനുള്ള എൻ.ഡി.എ, യു.ഡി.എഫ് മത്സരം ഫലിക്കുമോ എന്നതും ആർക്ക് ഗുണമാകും എന്നതും അവസാന നിമിഷങ്ങളിലെ സസ്പെൻസ്. ഇത്തരം വൈകാരികതകളല്ല വോട്ടർമാരെ സ്വാധീനിക്കുന്നതെങ്കിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ഫൈറ്റാണ് തൃശൂരിൽ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.