കൊല്ലം: ഒരുകാലത്ത് ആർ.എസ്.പിയുടെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലമായിരുന്നു ചവറ. മണ്ഡലം രൂപവത്കരിച്ച കാലം മുതല്‍ അത് ആർ.എസ്.പിയുടെ സിറ്റിങ് സീറ്റാണ്. മണ്ഡലത്തില്‍നിന്ന് ഏറ്റവും അധികം തെരഞ്ഞെടുക്കപ്പെട്ടത് ആർ.എസ്.പിയുടെ അനിഷേധ്യ നേതാവ് ബേബി ജോണും.
ഇടതുപാളയംവിട്ട് യു.ഡി.എഫിലെത്തിയിട്ടും ഷിബു ബേബി ജോണിനെ രണ്ടുതവണ നിയമസഭയിലെത്തിച്ചു. 1977ൽ മണ്ഡലം രൂപവത്കൃതമായതുമുതൽ ബേബിജോൺ തുടർച്ചയായി ആറുതവണ വിജയിച്ചു. പിന്നീട്, പാർട്ടിയിൽ പിളർപ്പുണ്ടായശേഷം ബേബിജോണിന്റെ മകൻ ആർ.എസ്.പി(ബി)യുടെ ഷിബു ബേബിജോൺ ആർ.എസ്.പി സ്ഥാനാർഥി വി.പി. രാമകൃഷ്ണപിള്ളയെ തോൽപിച്ച് യു.ഡി.എഫിനുവേണ്ടി മണ്ഡലം നേടി.
ഇതിനിടെ, 2006 ലെ തെരഞ്ഞെടുപ്പില്‍ ബേബി ജോണിന്റെ പേരിലുള്ള ആർ.എസ്.പി മണ്ഡലത്തില്‍ തോറ്റു. അന്ന് മത്സരിച്ച ഷിബു ബേബി ജോണിനെ തോല്പിച്ചത് അന്നത്തെ ഔദ്യോഗിക ആർ.എസ്.പി സ്ഥാനാർഥിയായിരുന്ന എന്‍.കെ. പ്രേമചന്ദ്രനായിരുന്നു. അന്ന് പ്രേമചന്ദ്രന് എല്‍.ഡി.എഫിലും ഷിബു യു.ഡി.എഫിലുമായിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന് വിജയം ആവര്‍ത്തിക്കാനാകാതെ ഷിബു മണ്ഡലം തിരിച്ചുപിടിച്ചു.
എന്നാല്‍, 2016ലെ തെരഞ്ഞെടുപ്പില്‍ ചവറ ആർ.എസ്.പിയെ കൈയൊഴിഞ്ഞു. എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന സി.എം.പിയുടെ എൻ. വിജയൻപിള്ള ഷിബു ബേബിജോണിനെതിരെ 6189 വോട്ടി ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. എൽ.ഡി.എഫിൽ ആർ.എസ്.പിയില്ലാതെ വിജയൻപിള്ള നേടിയ വിജയം രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തതാണ്. 2020ൽ അദ്ദേഹം അന്തരിച്ചു.
പിന്നീട്, 2021ൽ എത്തിയ നിയമസഭ ഇലക്ഷനിൽ വിജയൻപിള്ളയുടെ മകൻ സുജിത് വിജയൻപിള്ള ഷിബു ബേബിജോണിനെ 1409 വോട്ടുകൾക്ക് തോൽപിച്ച് മണ്ഡലം നിലനിർത്തി. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പുകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് പാർലമെന്റിലേക്കെത്തുമ്പോൾ ചവറയുടെ മനസ്സ്.
2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽനിന്ന് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി എൻ. പീതാംബരക്കുറുപ്പ് 56919 വോട്ട് ചവറ നിയമസഭ മണ്ഡലത്തിൽനിന്ന് നേടിയപ്പോൾ എതിർ സ്ഥാനാർഥിയായ പി. രാജേന്ദ്രന് 42917 വോട്ടുകളാണ് നേടാനായത്. അന്ന് ബി.ജെ.പിക്കുവേണ്ടി മത്സരിച്ച വയക്കൽ മധുവിന് 3856 വോട്ട് മാത്രമേ മണ്ഡലത്തിൽനിന്ന് ലഭിച്ചിരുന്നുള്ളൂ. വിജയിച്ച പീതാംബരക്കുറുപ്പ് മണ്ഡലത്തിൽനിന്ന് 14002 വോട്ട് ലീഡുമായാണ് മടങ്ങിയത്.
2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായുള്ള തർക്കത്തെ തുടർന്നാണ് ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തുന്നത്. ഇതോടെ, ആർ.എസ്.പി (ബി)യും ആർ.എസ്.പിയും ലയിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയായി കൊല്ലത്തുനിന്ന് വിജയിക്കുകയും ചെയ്തു. അന്ന് ചവറ മണ്ഡലത്തിൽനിന്ന് പ്രേമചന്ദ്രൻ 68878 വോട്ട് നേടി.
എൽ.ഡി.എഫിനുവേണ്ടി മത്സരിച്ച എം.എ. ബേബിയെക്കാൾ 24441 ലീഡാണ് പ്രേമചന്ദ്രന് നേടാനായത്. പിന്നീടുണ്ടായ തെരഞ്ഞെടുപ്പിലും മണ്ഡലം പ്രേമചന്ദ്രനൊപ്പം നിന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ചവറയിൽനിന്ന് 74,562 വോട്ടാണ് പ്രേമചന്ദ്രന് ലഭിച്ചത്, ഇടത് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിനെക്കാൾ 27,568 വോട്ട് കൂടുതൽ.
എന്നാല്‍, ചവറയുടെ മണ്ണില്‍ ആര്.എസ്.പിക്ക് വേരോട്ടം നിലച്ചിട്ടില്ലെന്ന് കാണിക്കാന്‍ യു.ഡി.എഫും നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ പ്രാതിനിധ്യം ഉയർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിൽ എൽ.ഡി.എഫും മത്സരരംഗത്തിറങ്ങുമ്പോള്‍ ചവറ മണ്ഡലം ആര്‍ക്കൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്.
കോര്പറേഷന് വാര്‍ഡുകള്‍ തമ്മിലുള്ള വിഭജനമൊഴിച്ചാല് രാമന്‍കുളങ്ങര മുതല്‍ കന്നേറ്റിപ്പാലംവരെ നീണ്ടുകിടക്കുന്നതും അഷ്ടമുടിക്കായലും അറബിക്കടലും അതിര്‍ത്തി പങ്കിടുന്നതുമായ പ്രദേശമാണ് ചവറ അസംബ്ലി നിയോജക മണ്ഡലം. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളും കൊല്ലം കോർപറേഷന്റെ ശക്തികുളങ്ങര വെസ്റ്റ്, മിഡിൽ, നോർത്ത്, കാവനാട് (ഒന്നു മുതൽ നാലുവരെ ഡിവിഷനുകൾ), തിരുമുല്ലവാരം (50), മുളങ്കാടകം (53) ഡിവിഷനുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.