കണ്ണൂർ: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് ധർമടം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൊടുങ്കാറ്റിൽ ചെറിയ തോതിൽ ആടിയുലഞ്ഞെങ്കിലും കാര്യമായ പരിക്കേൽക്കാതെ മണ്ഡലം എൽ.ഡി.എഫിനെ കാത്തു. അതായത്, ഏത് തരംഗത്തിലും ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലമാണിത്.
2011ലാണ് ധർമടം മണ്ഡലം രൂപീകൃമായത്. ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽനിന്നുള്ള കെ.കെ. നാരായണനായിരുന്നു ജയിച്ചത്. 2016ലും 2021ലും പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ പിണറായി വിജയന്റെ ഭൂരിപക്ഷം 50,123. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ എട്ടു ഗ്രാമ പഞ്ചായത്തുകൾ ഉള്‍പ്പെടുന്നതാണ് ധർമടം.
ഇതിൽ കടമ്പൂർ ഒഴിച്ച് മറ്റു പഞ്ചായത്തുകൾ ഇടതു ഭരണത്തിലാണ്. കടമ്പൂർ യു.ഡി.എഫ് ഭരണത്തിലുമാണ്. എൽ.ഡി.എഫ് ഭരിക്കുന്ന പിണറായി പഞ്ചായത്തിൽ പ്രതിപക്ഷമില്ല.
പെരളശ്ശേരിയിൽ ആകെ ഒരു പ്രതിപക്ഷ അംഗം മാത്രമാണുള്ളത്. ധർമടം, അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് വൻ ഭൂരിപക്ഷം. എൽ.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും മുഴപ്പിലങ്ങാട് പഞ്ചായത്തിൽ യു.ഡി.എഫിനും എസ്.ഡി.പി.ഐക്കും നിർണായക സ്വാധീനമുണ്ട്.
മണ്ഡലത്തിൽ ഇതുവരെ എൽ.ഡി.എഫിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും വിജയിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന നിലയിൽ സി.പി.എം ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന മണ്ഡലം കൂടിയാണിത്. കെ. സുധാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇവിടെ ശക്തമായ മത്സരം കാഴ്ചവെക്കാൻ ശ്രമിക്കുമ്പോഴും മണ്ഡലത്തിന്റെ ചരിത്രം മറ്റൊന്നാകാനുള്ള സാധ്യതയില്ല.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷമൊന്നും ഇടതുപക്ഷത്തിന് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ ലഭിക്കില്ലെന്നും അതാണ് മുൻ അനുഭവമെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലൊന്നും മണ്ഡലത്തിൽ കാര്യമായ വോട്ടു നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് ഇവിടെ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.