പറവൂർ: 1996 വരെ എൽ.ഡി.എഫിന്റെ കുത്തകയെന്നും ചെങ്കോട്ടയെന്നും അവകാശപ്പെട്ടിരുന്ന നിയോജക മണ്ഡലമായിരുന്നു പറവൂർ. എന്നാൽ, 2001ൽ വി.ഡി. സതീശൻ ഇടതിൽനിന്ന് പിടിച്ചെടുത്ത ഈ സീറ്റ് കാൽനൂറ്റാണ്ടായി യു.ഡി.എഫിന്റെ ‘കൈ’കളിൽ ഭദ്രമാണ്. പറവൂർ നഗരസഭയും വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പറവൂർ നിയമസഭ മണ്ഡലം.
ലത്തീൻ കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള മണ്ഡലം കൂടിയായതിനാൽ പറവൂരിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ ലത്തീൻ വിഭാഗത്തിൽനിന്നുള്ളവരെ മാറിമാറിയാണ് മത്സരിപ്പിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ പറവൂർകാരിയും കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള സ്കൂളിലെ അധ്യാപികയുമാണ്.
ഇത്തവണ ഈ രണ്ട് പരിഗണനകളും സമുദായാംഗങ്ങളിൽനിന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. അതിനുപുറമെ കയർ, കൈത്തറി, ചെത്ത് തൊഴിലാളികളും മറ്റ് പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്നവരും നിർണായകമാണ്. എൻ.എസ്.എസിന് കാര്യമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്.
വി.ഡി. സതീശൻ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ചുവരുന്നതിന് പിന്നിൽ പരമ്പരാഗത വോട്ടുകൾ മാറിമറിയുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2021ൽ വി.ഡി. സതീശന്റെ ഭൂരിപക്ഷം 21,301 ആയി വർധിച്ചിരുന്നു. ഹൈബി ഈഡൻ രൂപതയുമായി നല്ല ബന്ധം പുലർത്തുന്ന നേതാവാണ്.
അധ്യാപക സംഘടന രംഗത്തുള്ള ഷൈൻ നഗരസഭ കൗൺസിലർ എന്ന നിലയിൽ പ്രവർത്തിച്ചുവരുമ്പോഴും സജീവ രാഷ്ട്രീയക്കാരിയല്ല. സിറ്റിങ് എം.പിയായ ഹൈബി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കളം നിറഞ്ഞപ്പോൾ ഷൈൻ പാർട്ടി പ്രവർത്തകർക്ക് പോലും പുതുമുഖമാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലം എന്ന നിലയിലുള്ള പ്രത്യേക പരിഗണന ഹൈബിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പിലുണ്ട്. എന്നാൽ, തന്റെ സ്വന്തം തട്ടകമെന്ന ആനുകൂല്യം വോട്ടാകുമെന്ന വിശ്വാസത്തിലാണ് ഷൈൻ. പരമ്പരാഗത വോട്ടു ബാങ്ക് എന്ന സങ്കൽപം ഇത്തവണ വഴിമാറാനാണ് സാധ്യത.
രാഷ്ട്രീയചലനങ്ങൾ വിലയിരുത്തി വോട്ട് രേഖപ്പെടുത്തുന്നതിൽ ജാഗരൂകരാണ് യുവതലമുറ. എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനും പറവൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.