തിരൂരങ്ങാടി: മുസ്ലിംലീഗിന്റെ പൊന്നാപുരംകോട്ടയാണ് തിരൂരങ്ങാടി. രൂപവത്കരണകാലംതൊട്ട് യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച നിയമസഭ മണ്ഡലം. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി, ഉപമുഖ്യമന്ത്രി അവുക്കാദർകുട്ടി നഹ തുടങ്ങിയ പല പ്രമുഖരും തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന മണ്ഡലമാണ് തിരൂരങ്ങാടി. എല്ലാ തദേശഭരണ സ്ഥാപനങ്ങളിലും യു.ഡി.എഫ് ആണ് ഭരണത്തിൽ. നിയമസഭ മണ്ഡലത്തിൽ എ.കെ. ആന്റണി ഒഴികെ എല്ലാവരും കോണി ചിഹ്നത്തിലാണ് ജയിച്ചുകയറിയത്. എൽ.ഡി.എഫിൽ സി.പി.ഐയുടെ മണ്ഡലമാണ് തിരൂരങ്ങാടി.
കുറച്ചു കാലങ്ങളായി മണ്ഡലത്തിൽ എൽ.ഡി.എഫ് വോട്ട് വർധിപ്പിക്കുന്നുണ്ട്. 2016ൽ പി.കെ. അബ്ദുറബ്ബിന് 6,043 വോട്ടിന്റെയും 2021ൽ കെ.പി.എ. മജീദിന് 9578 വോട്ടിന്റെയും ഭൂരിപക്ഷമേയുള്ളു.
വാഗ്മിയും എഴുത്തുകാരനുമായ എം.പി. അബ്ദുസ്സമദ് സമദാനിയെയാണ് ഇത്തവണ പൊന്നാനി നിലനിര്‍ത്താന്‍ യു.ഡി.എഫ് കളത്തിലിറക്കിയിട്ടുള്ളത്. കെ.എസ്. ഹംസയെന്ന പഴയ ലീഗുകാരനിലൂടെ അദ്ഭുതം കാണിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. നിവേദിത സുബ്രഹ്മണ്യനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ജനപ്രീതിയും ബഹുഭാഷാപാണ്ഡിത്യവും ലോക്സഭ, രാജ്യസഭ അംഗമെന്ന നിലയിലെ പ്രവര്‍ത്തന പരിചയവും സമദാനിയെ തുണക്കുമെന്ന വിലയിരുത്തലിലാണ് ലീഗ്.
മണ്ഡലത്തില്‍ ചെറിയ തോതിലെങ്കിലും സ്വാധീനം പുലര്‍ത്താന്‍ കഴിയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയും യു.ഡി.എഫിന് നേട്ടമാവും.
പതിവിന് വിപരീതമായി പാര്‍ട്ടി ചിഹ്നത്തിലാണ് കെ.എസ്. ഹംസയെ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ ലീഗ് നേതാവെന്ന ലേബലും ഇ.കെ. സമസ്തയോടുള്ള കെ.എസ്. ഹംസയുടെ ആത്മബന്ധവും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ തൃത്താല, പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് മേൽക്കൈ.
തൃത്താലയും താനൂരും മന്ത്രി മണ്ഡലങ്ങളുമാണ്. കോട്ടക്കൽ, തിരൂർ, തിരൂരങ്ങാടി നിയമസഭ മണ്ഡലങ്ങളിലെ വോട്ടുബലമാണ് യു.ഡി.എഫിന്റെ കരുത്ത്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ വ്യത്യസ്തമാണെന്നും ദേശീയ വിഷയങ്ങൾ മുൻനിർത്തി യു.ഡി.എഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.
നിരവധി വികസന പ്രശ്നങ്ങൾ മണ്ഡലത്തിലുണ്ട്. ചെമ്മാട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങളും മണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിലെ കർഷകരുടെ പ്രതിസന്ധികളും കുടിവെള്ള പ്രശ്നവും എല്ലാമാണ് ഇവിടെ വർഷങ്ങളായി തെരഞ്ഞെടുപ്പിൽ ചർച്ചയാവാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.