തിരുവനന്തപുരം: കോവിഡിനെതുടർന്ന് തിരിച്ചെത്തിയ പ്രവാസികളെ കേരളത്തിന്റെ തൊഴിൽ കമ്പോളത്തിലേക്ക് എങ്ങനെ ആഗിരണം ചെയ്യാൻ കഴിയുമെന്നത് വിശദ ചർച്ചക്കും പരിശോധനക്കും വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ലോക കേരളസഭയുടെ ആദ്യ ഔദ്യോഗിക സെഷനിൽ മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി പി. രാജീവ് അവതരിപ്പിച്ച സമീപനരേഖയിലാണ് ഇക്കാര്യം പറയുന്നത്.
മാന്യമായ ലാഭവിഹിതം ഉറപ്പാക്കി പ്രവാസിനിക്ഷേപം ക്രൗഡ് ഫണ്ടിങ് മാതൃകയിൽ സ്വീകരിക്കുന്നത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് പരിശോധിക്കണമെന്നും സമീപനരേഖയിൽ പറയുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ കഴിവുകൾ കോവിഡാനന്തര പുനർനിർമാണത്തിൽ ഉപയോഗിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യണം. തൊഴിൽ ആവശ്യമുള്ളവരുടെ നൈപുണ്യ വിവരശേഖരണം നടത്തേണ്ടതുണ്ട്. ഇതിനായി കേരളത്തിലെ അക്കാദമിക വിദഗ്ധരുടെയും ലോക കേരളസഭയുടെയും സഹായം ഉപയോഗപ്പെടുത്താം.
കോവിഡിനെ തുടർന്ന് 17 ലക്ഷം പ്രവാസികളാണ് കേരളത്തിൽ തിരിച്ചെത്തിയത്. കോവിഡാനന്തരം പ്രവാസി പുനരധിവാസത്തിനായി കേരളം സമർപ്പിച്ച 2000 കോടി രൂപയുടെ പാക്കേജ് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പി.പി.പി മോഡലിലും സ്വകാര്യ, സഹകരണ മേഖലകളിലും നടപ്പാക്കാൻ സർക്കാർ തയാറാണ്. പ്രവാസികൾ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂലധന നിക്ഷേപം നടത്തുന്നതിന്റെ സാധ്യതകൾ ലോക കേരളസഭ ചർച്ച ചെയ്യണം. പ്രവാസികളുടെ മുതൽമുടക്കിന് സുരക്ഷിതത്വവും ന്യായമായ ലാഭവിഹിതവും ഉറപ്പാക്കുന്ന രീതിയിൽ വൻകിട ആശുപത്രികളുടെ നിർമാണം ഉൾപ്പെടെ പദ്ധതികൾ തയാറാക്കാനാകണമെന്നും സമീപനരേഖയിൽ പറയുന്നു.
ഇതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവക്ക് സമഗ്ര നയം കേന്ദ്രസർക്കാർ വികസിപ്പിക്കണം. ലോകത്തെ മികച്ച സർവകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തണം.
പ്രവാസിക്ഷേമവും നാടിന്റെ വികസനപ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്നതിൽ ലോക കേരളസഭ ലക്ഷ്യം കണ്ടു. പ്രവാസികൾ ഉൾപ്പെടെ മലയാളി സമൂഹത്തിൽ ജാതി, മത, വർഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ ലോക കേരളസഭ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്കയച്ചതെന്നും രേഖയിൽ പറയുന്നു.
'ഇതര സംസ്ഥാന മലയാളികൾക്ക് യാത്രാസൗകര്യം ഒരുക്കണം'
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നം യാത്രാപ്രതിസന്ധിയാണെന്നും ഇത് പരിഹരിക്കാൻ ഇടപെടലുണ്ടാകണമെന്നും ലോക കേരളസഭയിൽ ആവശ്യം. റോഡ് ഗതാഗതത്തിലാണ് പ്രധാന തടസ്സം. ആവശ്യത്തിന് ദീർഘദൂര സർവിസുകളില്ല. സ്വിഫ്റ്റ് പോലുള്ള സർവിസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് ദീർഘിപ്പിക്കണം.
ട്രെയിൻ സർവിസുകളുടെ കുറവ്, ഭീമമായ വിമാനയാത്രാനിരക്ക് എന്നിവയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. യാത്രാക്ലേശം പരിഹരിക്കാനുതകുന്ന ട്രെയിൻ സർവിസുകളുടെ പട്ടിക തയാറാക്കി കേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മറ്റ് ആവശ്യങ്ങൾ
• കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ നൽകണം.
• കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ച് സഹായം ഉറപ്പാക്കാൻ സർക്കാർ ഇടപെടണം.
• ഇതരസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാൻ നോർക്ക ഹെൽപ് ഡെസ്ക് സംവിധാനം വേണം.
• തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരിൽ അർഹരായവരെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണം. പുതിയ തൊഴിൽ കണ്ടെത്തുന്നതിന് അവസരവും പരിശീലനവും നൽകണം.
• ഇതരസംസ്ഥാനങ്ങളിൽവെച്ച് മരിക്കുന്നവരുടെ മൃതദേഹം നോർക്ക റൂട്ട്സ് വഴി നാട്ടിലെത്തിക്കണം.
• ഒറ്റക്ക് താമസിക്കുന്നവർ മരിച്ചാൽ സമ്പാദ്യം ബന്ധുക്കൾക്ക് എത്തിക്കാൻ നോർക്ക ഇടപെടണം.
• പെൻഷൻ പദ്ധതിയിലെ ഉയർന്ന പ്രായപരിധി എടുത്തുകളയണം.
• കേരള പി.എസ്.സി വഴി ജോലി ലഭിക്കാൻ മലയാളം അറിഞ്ഞിരിക്കണമെന്ന നിബന്ധനയിൽ പ്രവാസികളുടെ മക്കൾക്ക് ഇളവ് നൽകണം.
ഓപൺ ഫോറം വഴിമാറി... നനവാർന്ന കണ്ണുകളിലേക്ക്
പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി വിദ്യാർഥി; ഇടപെട്ട് എം.എ. യൂസുഫലി
തിരുവനന്തപുരം: 'അഞ്ചാറ് ദിവസം മുമ്പ് എന്റെ പപ്പായുടെ കൂട്ടുകാരൻ വിളിച്ചായിരുന്നു'. കരൾ പിളർക്കുന്ന വേദനയിൽ നിസ്സഹായതയുടെ ഉള്ളുപൊള്ളിക്കുന്ന ആവശ്യവുമായി എബിൻ എഴുന്നേറ്റ് നിന്നതോടെ സദസ്സ് ഒന്ന് അന്തിച്ചു. ഓപൺ ഫോറത്തിൽ പ്രവാസത്തിന്റെ പ്രതിസന്ധികളെയും പ്രത്യാശകളെയും കുറിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എം.എ. യൂസുഫലി മറുപടി പറയുകയാണ്. അദ്ദേഹത്തോടാണ് നിസ്സഹായത നിഴലിക്കുന്ന ശരീരഭാഷയും ഇടറുന്ന വാക്കുകളും നനവുപടർന്ന കണ്ണുകളുമായി എബിൻ സംസാരിക്കുന്നത്.
'അച്ഛൻ സൗദിയിലെ ഖമീസിലാണ് ജോലി ചെയ്യുന്നത്. പണി ചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് മരിച്ചെന്നാണ് കൂട്ടുകാരൻ അറിയിച്ചത്. മിനിഞ്ഞാന്ന് എംബസിയിൽനിന്ന് വിളിച്ചിട്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞെന്നും ബോഡി വിട്ടുകിട്ടാൻ ചെലവൊക്കെയുണ്ടെന്നും അറിയിച്ചു. ഞങ്ങൾക്കും അവിടെ വലുതായിട്ടാരെയും അറിയില്ല. ബോഡി ഏറ്റുവാങ്ങാൻ ഞങ്ങൾക്കാരും അവിടെയില്ല...' സംസാരം തുടരുന്നതിടെ വാക്കുകൾ മുറിഞ്ഞു. കണ്ണുകൾ നിറഞ്ഞു. ഒപ്പം സദസ്സിന്റെയും. പ്രവാസത്തിന്റെ പ്രതിസന്ധികളെയും ഭാവിയിലെ സാധ്യതകളെയും കുറിച്ച് കനപ്പെട്ട ചർച്ചകൾ കൊണ്ട് മുഖരിതമായ അന്തരീക്ഷം ക്രമേണ വൈകാരികതയിലേക്ക് വഴിമാറി.
'അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കിട്ടണം. അതല്ലേ, ആവശ്യം..അത് ഞാൻ ചെയ്തുതരാം' ആശ്വാസം ചൊരിഞ്ഞ് എം.എ. യൂസുഫലിയുടെ വാക്കുകൾ...പിന്നാലെ സദസ്സിൽ നിറഞ്ഞ കൈയടി. ഉടൻ തന്റെ പി.എയെ വിളിച്ച് അപ്പോൾതന്നെ സൗദിയിലേക്ക് ബന്ധപ്പെടാൻ നിർദേശവും നൽകി. പി.എ വന്ന് തിരിച്ചറിയൽ വിവരങ്ങൾ വാങ്ങി. സദസ്സിനെ സാക്ഷി നിർത്തിതന്നെ ഫോൺ വഴി യൂസുഫലി അധികൃതരെ ഫോണിൽ വിളിച്ചു. കരഞ്ഞു തളർന്ന് നിന്ന എബിന്റെ മുഖത്തും ആശ്വാസം.
നെടുമങ്ങാട് ചെക്കക്കോണം ബാബു സദനത്തിൽ ബാബു (46) 11 വർഷമായി ഗൾഫിൽ ജോലി നോക്കുകയായിരുന്നു. ടൈൽസ് ജോലിയായിരുന്നു. ജൂൺ ഒമ്പതിനാണ് മൂന്നുനില കെട്ടിടത്തിൽനിന്ന് വീണ് അപകടത്തിൽ പെടുന്നതും മരിക്കുന്നതും.
സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും രണ്ട് വർഷം മുമ്പ് സ്പോൺസർഷിപ് കഴിഞ്ഞതായാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾക്ക് മുന്നിൽ മറ്റ് മാർഗമൊന്നുമില്ലെന്ന് കണ്ടതോടെയാണ് ലോക കേരളസഭ നടക്കുന്ന നിയമസഭയിലേക്ക് എത്തിയത്. എബിൻ മാർ ഇവാനിയോസ് കോളജിലെ ബിരുദ വിദ്യാർഥിയാണ്. പ്ലസ് ടു വിദ്യാർഥിയായ വിപിനാണ് സഹോദരൻ. മാതാവ് ഉഷ സ്വകാര്യ സ്കൂൾ ബസിലെ ആയയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.