തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിഞ്ഞതോടെ, മന്ത്രിമാരുൾപ്പെടെയുള്ളവർക്ക് രക്ഷാവഴി തെളിഞ്ഞു. മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ ലോകായുക്തയിൽ നിലവിലുള്ള മൂന്ന് കേസിൽ ഇനി അപ്പീൽ അധികാരി മുഖ്യമന്ത്രിയും നിയമസഭയും.
ബന്ധുനിയമനത്തിൽ കെ.ടി. ജലീലിന്റെ മന്ത്രിക്കസേര തെറിച്ചതിന് തുടർച്ചയായി വന്ന ലോകായുക്ത നിയമ ഭേദഗതി രാഷ്ട്രപതിയും അംഗീകരിച്ചതോടെ, അഴിമതിക്കെതിരായ സുപ്രധാന സ്ഥാപനമായ ലോകായുക്തയുടെ ചിറകുകൾ നഷ്ടമായി.
അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കേണ്ടിവരുമെന്ന വകുപ്പാണ് ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി.
നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ രാജിവെക്കേണ്ടിവരില്ല. മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരെ സ്പീക്കറുമാണ് അപ്പീൽ അതോറിറ്റി.
തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം, കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാട്, മിയാവാക്കി വനം പദ്ധതി തുടങ്ങിയ കേസുകളാണ് ലോകായുക്ത പരിഗണനയിലുള്ളത്. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എതിർകക്ഷികളാക്കിയാണ് ഹരജി. മൂന്നിലും വാദം നടക്കുകയാണ്. ഉത്തരവ് തള്ളാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ലഭിക്കുന്ന തരത്തിലാണ് ഭേദഗതി.
ജനാധിപത്യ ഭരണകൂടങ്ങള്‍ നേരിടുന്ന വലിയ ശാപമായ അഴിമതിയും അധികാര ദുര്‍വിനിയോഗവും നേരിടാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്നുകണ്ട് 1966ൽ ഭരണപരിഷ്കാര കമീഷന് ശിപാര്‍ശ ചെയ്തതാണ് ലോകായുക്ത. സ്കാന്ഡിനേവിയന് രാജ്യങ്ങളിലെ ഓംബുഡ്സ്മാന് മാതൃകയില്‍ ലോകായുക്ത സ്ഥാപനങ്ങള്‍ വേണമെന്നായിരുന്നു ശിപാർശ. വിശദ ചര്‍ച്ചക്കുശേഷമാണ് നിയമസഭ കേരള ലോകായുക്ത നിയമം പാസാക്കിയത്.
അന്ന് ചര്‍ച്ച ചെയ്ത് ഉള്‍പ്പെടുത്തിയ 14ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് അന്ന് ഭരണത്തിലിരുന്ന മുന്നണിക്കു തന്നെ ഇപ്പോള്‍ തോന്നുന്നതെന്ത് എന്ന ചോദ്യമാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. ലോകായുക്ത ജുഡീഷ്യല്‍ ബോഡിയല്ലെന്നും അന്വേഷണ സംവിധാനമാണെന്നുമായിരുന്നു ബിൽ അവതരിപ്പിക്കുമ്പോൾ നിയമമന്ത്രി പി. രാജീവ് പറഞ്ഞത്.
ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവിടാന്‍ അധികാരമില്ല, ശിപാര്‍ശ നല്കാന് മാത്രമാണ് അധികാരമെന്ന് മറ്റൊരു കേസിൽ നേരത്തേ സുപ്രീംകോടതി വിധിച്ചതും ഇതിന് അനുകൂലമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.