തിരുവനന്തപുരം : മണിയാര്‍ പദ്ധതിക്ക് പിന്നിലെ കൊള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപങ്ങളുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ രാഷ്ട്രീയപരമായും നിയമപരമായും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരായ സമരം കോണ്‍ഗ്രസും യു.ഡി.എഫും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിലെ അഴിമതിയുടെയും അനാസ്ഥയുടെയും പരിണിതഫലമാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കുകയും യൂനിറ്റിന് 20 പൈസ കുറക്കുകയും ചെയ്തതാണ്.
നാല് രൂപ 14 പൈസ മുതല്‍ നാല് രൂപ 29 പൈസക്ക് യു.ഡി.എഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കി. നാല് രൂപ 29 പൈസയ്ക്കുള്ള കരാര്‍ റദ്ദാക്കി എട്ട് രൂപ മുതല്‍ 12 രൂപ 30 പൈസ വരെ വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം 15 മുതല്‍ 20 കോടി രൂപയുടെ വരെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇതോടെ ബോര്‍ഡിന്റെ കടം 1083 കോടിയായിരുന്നത് ഇന്ന് 45000 കോടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് വര്‍ധന അടുത്ത മാര്‍ച്ചിലേക്ക് കൂടിയുള്ളതാണ്. ഇതിനിടയിലാണ് മണിയാര്‍ പദ്ധതി കരാര്‍ അവസാനിച്ചിട്ടും 25 വര്‍ഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കിട്ടിയാല്‍ വൈദ്യുതി ബോര്‍ഡിന് 18 മുതല്‍ 20 കോടിയുടെ അധിക ലാഭമുണ്ടാക്കാം.
എന്നാല്‍ ആരുമായും കൂടിയാലോചന നടത്താതെയാണ് പദ്ധതി അടുത്ത 25 വര്‍ഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള കൊള്ള നടത്തിയിരിക്കുന്നത്. ഭരണകക്ഷി അധ്യാപക സംഘടനയില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്താല്‍ ചോദ്യ പേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് അറിയാം. ഭരണപക്ഷ സര്‍വീസ് സംഘടകള്‍ക്കുള്ള അപ്രമാദിത്യമാണ് ചോര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്ത 1400 പേരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടാത്തത് എന്തുകൊണ്ടാണ്? ധൈര്യമുണ്ടെങ്കില്‍ പേര് വിവരങ്ങള്‍ പുറത്തുവിടണം. പേരുകള്‍ പുറത്തു വന്നാല്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച പോലെയാകും. സ്വന്തം സംഘടനയില്‍പ്പെട്ടവരായതു കൊണ്ടാണ് പെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരിച്ചടയ്പ്പിക്കാന്‍ ശ്രമിക്കുന്നത്. വേണ്ടപ്പെട്ടവരായതു കൊണ്ടാണ് പേരുകള്‍ പുറത്തു വിടാത്തത്.
അമിതമായ ജോലി സമ്മർദമാണ് പൊലീസ് സേനയില്‍. ക്രൂരമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നത്. അസുഖം വന്നാല്‍ പോലും വീട്ടില്‍ പോകാനാകാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസിക സംഘര്‍ഷം സംബന്ധിച്ച വിഷയം പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നത്. അരീക്കോട് ക്യാമ്പിലെ മൂന്നാമത്തെ ആത്മഹത്യയാണ് നടന്നത്. എന്നിട്ടും മേലുദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.