കൊടകര: ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി ഒരാൾ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാവറട്ടി വെണ്‍മേനാട് മൂക്കോല വീട്ടില്‍ വാസെൻറ മകന്‍ അക്ഷയ് (20) ആണ് മരിച്ചത്. അക്ഷയുടെ സുഹൃത്ത് ചിറ്റാട്ടുകര എളവള്ളി അരിമ്പൂർ വീട്ടില്‍ ജോണിയുടെ മകന്‍ ജെറിന്‍ (21), എരുമപ്പെട്ടി കൊള്ളന്നൂര്‍ ഗീവറിെൻറ മകന്‍ ഷാലിന്‍ (19) എരുമപ്പെട്ടി അന്തിക്കാട് വീട്ടില്‍ ജെയിംസിെൻറ മകന്‍ ഗബ്രിയേല്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗബ്രിയേലിനേയും ഷാലിനേയും ചാലക്കുടി സെൻറ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ ഗബ്രിയേലിെൻറ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ജെറിനെ പ്രഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
വ്യാഴാഴ്ച പുലര്‍ച്ച രണ്ടേമുക്കാലോടെയായിരുന്നു അപകടം. തൃശൂരിനും ചാലക്കുടിക്കും ഇടയിൽ കൊടകരക്കടുത്ത് ദേശീയപാതയില്‍ കൊളത്തൂര്‍ തൂപ്പന്‍കാവ് പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തേയിലകയറ്റിയ ചരക്കുലോറിയിലിടിച്ച് നിയന്ത്രണം വിട്ട ലോറിയാണ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ലോറിയുടെ പിന്‍ചക്രത്തിനടില്‍ പെട്ടാണ് അക്ഷയ് മരിച്ചത്.
അക്ഷയ് വെള്ളറക്കാട് തേജസ് എന്‍ജിനീയറിങ് കോളജ് വിദ്യാർഥിയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ പാവറട്ടിയില്‍ നിന്ന് മലയാറ്റൂരിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. കൊടകര പൊലീസും പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി പാണ്ഡിരാജിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇടിച്ച ലോറിയും കസ്റ്റഡിയിലെടുത്തു.
രക്ഷകരായി പൊലീസ്
കൊളത്തൂരില്‍ അപകടത്തില്‍ പെട്ട മലയാറ്റൂര്‍ തീർഥാടകര്‍ക്ക് തുണയായത് അതുവഴി യാദൃച്ഛികമായി വന്ന കൊടകര പൊലീസ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂരില്‍ പോയി മടങ്ങുകയായിരുന്ന പൊലീസ് സംഘം വലിയൊരു ശബ്ദം കേട്ടാണ് സ്ഥലത്തേക്ക് പാഞ്ഞെത്തിയത്. അപകടത്തില്‍ പെട്ട് തീര്‍ഥാടകരോടൊപ്പമുണ്ടായിരുന്നവര്‍ സഹായത്തിനായി ദേശീയപാതയിലൂടെ പോയിരുന്ന വാഹനങ്ങള്‍ കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.
സ്ഥലത്തെത്തിയ എസ്.ഐ കെ.കെ. ബാബു കൊടകരയിലെ ഏകലവ്യ ക്ലബ് പ്രവര്‍ത്തകരുടെ ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടു. ഇതേസമയം രാത്രി പട്രോളിങ് നടത്തിയിരുന്ന എസ്.ഐ രവീന്ദ്രെൻറ നേതൃത്വത്തിലുള്ള ഹൈവേ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കൊടകര എസ്.ഐ ബാബുവിനൊപ്പം എ.എസ്.െഎ ദിനേശന്‍, സീനിയര്‍ സി.പി.ഒ ജിബി ബാലന്‍, സി.പി.ഒ മനോജ് എന്നിവരും അപകടസ്ഥലത്ത് രക്ഷകരായി. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകള്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.