പൊന്നാനി: ഡീസൽ വില വർധനവിലും ഫിഷിങ് റഗുലേഷൻ ആക്ടിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതിനെത്തുടർന്ന് മത്സ്യ ബന്ധന ബോട്ടുകൾ കൂട്ടത്തോടെ പൊളിക്കുന്നു. പത്തിലധികം ബോട്ടുകളാണ് ഈ സീസണിൽ പൊളിച്ചത്.
നഷ്ടങ്ങളുടെ കണക്ക് മാത്രമുള്ള മത്സ്യബന്ധന മേഖലയിൽ നിലനിൽപ്പ് പ്രതിസന്ധിയിലായതിനെത്തുടർന്നാണ് ബോട്ടുകൾ കൂട്ടത്തോടെ പൊളിക്കുന്നത്. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഹാര്‍ബറുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50 ഓളം ബോട്ടുകളാണ് പൊളിച്ചത്. ഇതിൽ ഈ സീസണിൽ മാത്രം പത്തിലധികം ബോട്ടുകളാണ് പൊന്നാനി ഹാർബറിൽ പൊളിച്ചത്.
നഷ്ടം ഏറെ സംഭവിക്കുന്ന ചെറിയ മരബോട്ടുകളാണ് പൊളിക്കുന്നതിൽ ഭൂരിഭാഗവും. ഡീസൽ വില വർധന കുത്തനെ ഉയർന്നിട്ടും മറ്റു സംസ്ഥാനങ്ങളിലേത് പോലെ സബ്സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. കൂടാതെ മത്സ്യബന്ധനയാനങ്ങൾക്ക് നൽകുന്ന ഡീസൽ വിലയിൽ റോഡ് സെസും മറ്റു നികുതികളും ഏർപ്പെടുത്തുന്നതും മേഖലയെ തളർച്ചയിലാക്കിയിട്ടുണ്ട്.
ഫിഷിങ് റഗുലേഷൻ ആക്ട് ഭേദഗതിയുടെ പേരിൽ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. മത്സ്യലഭ്യത കുറഞ്ഞ സീസണിലും ഇത്തരത്തിൽ പിഴ ചുമത്തുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. 12 മുതൽ 15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കി നൽകാത്തതും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് മൂലം നിരവധിയെണ്ണം പൊളിച്ചു കളയേണ്ട ഗതികേടിലാണ് ഉടമകൾ.
മത്സ്യലഭ്യത കുറഞ്ഞതും ലഭിക്കുന്ന മത്സ്യത്തിന് വിപണിയിൽ വിലയില്ലാത്തതും തീരദേശ മേഖലയെ പട്ടിണിയിലാക്കി. ഇതോടെ ബോട്ടുകള്‍ കടലില്‍ പോകാതെയായി. ബോട്ടുകള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകാത്തതോടെയാണ് കിട്ടിയ വിലക്ക് പൊളിച്ചുവില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.