ജെയ്സമ്മയുടെ വീട് ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ ടി-സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയ വളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ സന്ദർശിച്ചപ്പോൾ
തൃശൂർ: ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂർ വരടിയം അംബേദ്ക്കർ സ്വദേശിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കും വിഷുപ്പുലരിയിൽ കൈനീട്ടമെത്തുന്നത്.
കാഴ്ച പരിമിതിയുള്ള ജയ്സമ്മയും മകളും ലോട്ടറിവിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം ലണ്ടനിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തിന് സഹായം എത്തിക്കുമെന്ന് എം.എ യൂസഫലിയുടെ ഉറപ്പെത്തിയത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം ജയ്സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീട് നിർമിക്കാൻ നിർദേശം നൽകി.
ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ ടി-സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ ജയ്സമ്മയുടെ വീട് സന്ദർശിക്കുകയും വീടിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുകയും ചെയ്തു. മേൽക്കൂരയും കട്ടിളയും ജനാലയും അടക്കം തകർന്നു വീഴറായ നിലയിലാണുള്ളത്. പുതിയ വീട് നിർമാണം ഉടൻ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.
മൂന്നാം വയസിൽ പോളിയോയ്ക്കൊപ്പം കണ്ണിന് അന്ധതയും തളർത്തിയതാണ് ജെയ്സമ്മയെ. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായതോടെ ഭർത്താവ് ഉപേക്ഷിച്ചു. മകളേയും ജയ്സമ്മയേയും ഒഴിവാക്കി മൂത്തമകനേയും കൂട്ടി ഭർത്താവ് പോയതോടെ ജീവിതം വീണ്ടും കൂരിരുട്ടിലായി. തുടർന്നാണ് ലോട്ടറി കച്ചവടത്തിനൊപ്പം മറ്റൊരു ഉപജീവനമായത്. കാഴ്ചയില്ലാത്തതിനാൽ മകൾ നീരജയുടെ കൈ പിടിച്ചാണ് രാവിലെ ശക്തൻ സ്റ്റാൻഡിൽ ലോട്ടറി വിൽക്കാൻ ജയ്സമ്മ എത്തുക.
കാഴ്ചപരിമിതി മാത്രമല്ല വലതു കൈയ്ക്കു ബലഹീനതയുമുണ്ട്. റോഡരികിൽ ഇരുന്ന് ലോട്ടറി വിൽക്കാൻ മകളാണ് ഏക സഹായം. അമ്മയെ സുരക്ഷിതമായി നഗരത്തിൽ എത്തിച്ചിട്ടേ നീരജ സ്കൂളിൽ പോലും പോകാറുള്ളൂ. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താത്കാലിക ജോലി 2008 മുതൽ ജയ്സമ്മക്ക് ആശ്വാസമാണ്. പകൽ സ്കൂളിലെ ജോലിയും പിന്നീട് ലോട്ടറി കച്ചവടവുമാണ് വരുമാനം.
ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടും വസ്തുവും വാങ്ങിയെങ്കിലും ഇടിഞ്ഞുവീഴാറായ വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെ വന്നു. തുടർന്ന് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. വീടിന്റെ വാടക ഇനത്തിൽ 6500 രൂപ മാസം കൊടുക്കണം. ഇതോടെയാണ് ജെയ്സമ്മയുടെ കഷ്ടത വാർത്തയായത്. പലകോണിൽ നിന്നും സഹായവാഗ്ദാനങ്ങളെത്തിയെങ്കിലും ഇതൊന്നും നടപ്പായിരുന്നില്ല. യൂസഫലി സാറിനോടുള്ള കടപ്പാടും നന്ദിയും പറഞ്ഞറിയിക്കാൻ കഴിയില്ലെന്നാണ് ജെയ്സമ്മയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.