ചെങ്കൊടി ഉപേക്ഷിച്ച് കാവി സ്വീകരിച്ചവർ ബി.ജെ.പിയെ വളർത്തുന്നു -എം. മുകുന്ദൻ; ‘അടിയന്തരാവസ്ഥ കോൺഗ്രസിന്റെ കൈത്തെറ്റ്’

കോഴിക്കോട്: ചെങ്കൊടി ഉപേക്ഷിച്ച് കാവി സ്വീകരിച്ചവരാണ് ബി.ജെ.പിയെ വളർത്തുന്നതെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മുൻപ് മയ്യഴിയിൽ ഒരു ബി.ജെ.പിക്കാരൻ പോലുമില്ലായിരുന്നുവെന്നും ഇന്ന് ബി.ജെ.പിയുടെ വലിയൊരു സാന്നിധ്യം അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരെ വളർത്തുന്നത് ചെങ്കൊടി ഉപേക്ഷിച്ച് കാവി സ്വീകരിച്ചവരാണ്. തന്റെ നോവലായ ‘കുട നന്നാക്കുന്ന ചോയി'യുടെ അവസാനം ഈ ദുര്യോഗത്തെക്കുറിച്ചായിരുന്നു. അതിന്റെ പേരിൽ നോവലിന് വിമർശനമുണ്ടായിരുന്നുവെന്നും എം. മുകുന്ദൻ സമകാലിക മലയാളം ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ​ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത് പ്രതീക്ഷ നൽകുന്നതണെങ്കിലും കേരളത്തിലെ ഫലം വളരെയധികം നിരാശ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനിലും ഇസ്രയേലിലും മറ്റും സംഭവിക്കുന്നത് കാണുമ്പോൾ നമുക്കു വരുംകാലങ്ങളിൽ മനഃസമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ദുർബലമായി വരുന്ന ഇടതുപക്ഷത്തെ വീണ്ടും ബലപ്പെടുത്തണം -അദ്ദേഹം വ്യക്തമാക്കി.


അടിയന്തരാവസ്ഥ കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച ഒരു കൈത്തെറ്റും അബദ്ധവുമാണെന്ന് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ‘അവർ കണ്ട ഒരു ദുഃസ്വപ്നമാണ്. അടിയന്തരാവസ്ഥയെ മായ്ച്ചുകളഞ്ഞാൽ കോൺഗ്രസ്സിനോട് എനിക്ക് അയിത്തമൊന്നുമില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ചിതറിപ്പോകാതെ ഒന്നിച്ചു നിർത്തിയെന്നതാണ് അവർ കൈവരിച്ച വലിയൊരു നേട്ടം. ഗുജറാത്തിലും മറ്റും ബി.ജെ.പി നടത്തിയ കൂട്ടക്കൊലകളും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പീഡനങ്ങളും ഒരു കയ്യബദ്ധമല്ല. ദീർഘകാലാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ഒരു പദ്ധതിയുടെ ഭാഗമാണ്’ -അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെയോ അക്ഷർധാമിലേയോ അയോധ്യ രാമക്ഷേത്രത്തിലേയോ ആർഭാടം നിറഞ്ഞ ദൈവങ്ങളെ കാണുമ്പോൾ ഒട്ടും ഭക്തി തോന്നാറില്ല. മയ്യഴി പുത്തലമ്പലത്തിലെ പൂക്കുട്ടിച്ചാത്തന്റെയും മണ്ടോള കാവിലെ അങ്കക്കാരന്റേയും തെയ്യങ്ങളെ കാണുമ്പോൾ അറിയാതെ അവരുടെ മുൻപിൽ പ്രണമിച്ചുപോകും.


താൻ നേതാക്കളോടൊപ്പം നടക്കുമെങ്കിലും അവരെ പിന്തുടരി​​ല്ലെന്ന് മുകുന്ദൻ പറഞ്ഞു. ‘ഇനി പിന്തുടരുക ജനങ്ങളെയായിരിക്കും. ചില നേതാക്കളെ പിന്തുടരുന്നത് ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിക്കുന്നതുപോലെയാണ്. വെള്ളക്കെട്ടിലോ ചളിക്കുണ്ടിലോ ചെന്നു വീണെന്നുവരാം. ഞാൻ ജനങ്ങളുടെ ഒരു നല്ല ഫോട്ടോ അന്വേഷിക്കുകയാണ്. അതു കിട്ടിയാൽ ഫ്രെയിം ചെയ്ത് എഴുത്തുമുറിയിൽ തൂക്കും. ശിഷ്ടകാലം ഞാൻ എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് ആ ഫോട്ടോവിൽ നോക്കിക്കൊണ്ടായിരിക്കും. നേതാക്കൾ സംപൂജ്യരല്ല, വഴികാട്ടികൾ മാത്രമാണ്. സാധാരണക്കാരായ ജനങ്ങളുടെ മുൻപിലാണ് ഞാൻ തൊഴുതുനിൽക്കുന്നത്. നേതാക്കളല്ല, ജനങ്ങളാണ് എന്റെ പുതിയ രാഷ്ട്രീയ ദൈവം എന്നു കുറേശ്ശേയായി എനിക്കു ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - M. Mukundan about BJP, Congress and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.