മഅ്ദനിയുടെ ജാമ്യം സ്വാതന്ത്ര്യ നിഷേധം -ഡോ. സെബാസ്റ്റ്യൻ പോൾ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ലഭിച്ചിരിക്കുന്ന ജാമ്യം സ്വാതന്ത്ര്യ നിഷേധമാണെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ. പി.ഡി.പി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13 വർഷത്തെ രണ്ടാം ജയിൽവാസ കാലത്ത് എട്ട് വർഷത്തിലധികമായി മഅ്ദനി ജാമ്യത്തിലാണ് എന്നാണ് നിയമവ്യവസ്ഥിതിയുടെ വാദം. എന്നാൽ, അദ്ദേഹത്തിന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള ഉപാധികൾ ജാമ്യത്തിന്റേതല്ല.

മറിച്ച് ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്കുള്ള മാറ്റം മാത്രമാണ്. ജാമ്യമെന്നാൽ ജയിലിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. എന്നാൽ, മഅ്ദനി പൊലീസ് അകമ്പടിയിൽ സഞ്ചാരസ്വാതന്ത്ര്യവും ജീവൻ നിലനിർത്താനാവശ്യമായ ചികിത്സപോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. ഇതിനെ ജാമ്യമെന്ന് പറയാനാകില്ല. മഅ്ദനിക്ക് ലഭിച്ചിരിക്കുന്ന ജാമ്യവ്യവസ്ഥകൾ എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണിത്.

വളരെ ബുദ്ധിമുട്ടി സുപ്രീംകോടതിയുടെ ഇടപെടലിൽ കേരളത്തിലെത്തിയിട്ടും യാത്രാഉദ്ദേശ്യം സാധ്യമാക്കാനാകാതെ മടങ്ങേണ്ടി വരുകയാണ് അദ്ദേഹത്തിന്. ബംഗളൂരുവിലും അദ്ദേഹം വീട്ടുതടങ്കലിലാണ്. നീതിബോധമില്ലാത്ത അവസ്ഥയിലേക്ക് ഭരണകൂടം അധഃപതിച്ചിരിക്കുന്നു. ആർക്കും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. ഭരണകൂട ഭീകരതയുടെ ഇരയാണ് മഅ്ദനി. ജുഡീഷ്യറിയെപോലും വിമർശിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം ടി.എ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അലിയാർ ആമുഖപ്രഭാഷണം നടത്തി.

Tags:    
News Summary - Madani's bail denial of freedom- Dr. Sebastian Paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.