കിളിമാനൂർ: ആദ്യമൊരുകളിയായി തുടങ്ങിയതാണ്. അധ്യാപകരുടെ നിരന്തര പ്രോത്സാഹനം കൂടിയായതോടെ കളി കാര്യമായി. ഇന്ന് ഉത്സവപ്പറമ്പുകളിൽ തരംഗമാവുകയാണ് പ്രഫഷനൽ നാടകങ്ങളെപ്പോല മിന്നും പ്രകടനവുമായി മടവൂർ സർക്കാർ പള്ളിക്കൂടത്തിലെ നാടക സംഘം.
അക്കാദമിക പ്രവർത്തനങ്ങളിലെ തിയറ്റർ സാധ്യതകൾ ഏറ്റെടുത്ത മടവൂർ ഗവ.എൽ.പി.എസാണ് സർഗാത്മക നാടകങ്ങളുമായി പൊതുസമൂഹത്തിലേക്ക് എത്തുന്നത്. ഒരു മാസത്തിനിടെ ക്ഷേത്രങ്ങളിലടക്കം പത്തോളം നാടകങ്ങൾ അവതരിപ്പിച്ചു. രണ്ടു വർഷങ്ങളിലായി നടന്നുവരുന്ന സമ്മർ വെക്കേഷൻ ക്യാമ്പുകളായിരുന്നു ‘പഠനത്തിലെ തിയറ്റർ സാധ്യതകൾ’ എന്ന പ്രോജക്ട് ഏറ്റെടുക്കാൻ വിദ്യാലയത്തിന് പ്രചോദനമായത്. ഒഴിവു സമയങ്ങളിൽ നൽകിയ തിയറ്റർ ഗെയിമുകളിലായിരുന്നു തുടക്കം.
പിന്നീട് ക്ലാസ് റൂമിനെ തിയറ്ററായി കണ്ട് ചെറുതും വലുതുമായ നാടക സാധ്യതയുള്ള പാഠഭാഗങ്ങളുടെ ആവിഷ്കാരങ്ങൾ നടന്നു.
ഇത്തരം പരിപാടികളിലൂടെ കണ്ടെത്തിയ നൂറോളം അഭിനയപ്രതിഭകളിലൂടെ രൂപപ്പെട്ട സ്കൂൾ നാടക സംഘമാണ് വിവിധ കേന്ദ്രങ്ങളിൽ പ്രഫഷനൽ സ്പർശത്തോടെ നാടകങ്ങൾ അവതരിപ്പിച്ചുവരുന്നത്.
സ്കൂളിലെ 50 കുട്ടികൾ പങ്കെടുക്കുന്ന നാടകത്തിന് സ്കൂൾ പ്രഥമാധ്യാപകൻ അശോകൻ, നാടകപ്രവർത്തകനായ കോഴിക്കോട് അബുമാഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.