മണ്ണാർക്കാട്: ഉടുമുണ്ട് കൂട്ടിക്കെട്ടിയ കൈകൾ, മുഷിഞ്ഞ് കീറിപ്പറിഞ്ഞ ഷർട്ട്, വാരിയെല്ലുകൾ പുറത്തേക്ക് ഉന്തി മെലിഞ്ഞൊട്ടിയ ശരീരം... ശരീരമാസകലം മർദനത്തിന്റെ പാടുകൾ. അഞ്ച് ആണ്ടുകൾക്ക് മുമ്പ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ ദൈന്യത നിറഞ്ഞ മുഖം മലയാളിക്ക് മറക്കാനാവില്ല. താളം തെറ്റിയ മനസ്സുമായി കാട്ടിൽ അലയുന്ന പാവം മനുഷ്യനെ മോഷണക്കുറ്റം ആരോപിച്ച് കൂട്ടംചേർന്ന് വിചാരണ ചെയ്യുകയും ദയാരഹിതമായി തല്ലിച്ചതച്ച് രക്തം ഛർദിപ്പിച്ച് ജീവനെടുക്കുകയും അത് സെൽഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത കൊടുംക്രൂരതയുടെ കഥയാണ് അട്ടപ്പാടി മധു വധക്കേസ്.
രാജ്യാന്തരതലത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടും വിധി പറയാൻ എടുത്തത് അഞ്ച് വർഷം. ഇതിനിടയിൽ, പ്രതികളുടെ സ്വാധീനവും അധികാരികളുടെ അലംഭാവവുമെല്ലാം കൂട്ടുചേർന്ന് കേസ് തേച്ചുമാച്ച് ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അറ്റമുണ്ടായിരുന്നില്ല. പ്രതിസന്ധികളിൽ തളരാതെ മകന് നീതിക്ക് വേണ്ടിയുള്ള ഒരമ്മയുടെ വീറുറ്റ പോരാട്ടത്തിന്റെ നേർസാക്ഷ്യംകൂടിയാണ് മധു വധക്കേസ്.
ഏകമകൻ മധു കൊല്ലപ്പെടുമ്പോള്‍ അംഗൻവാടി ഹെൽപറായി ജോലി ചെയ്യുകയായിരുന്നു മല്ലി. മധുവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മകന്റെ നീതിക്കായി പോരാട്ടത്തിനിറങ്ങി. വിഷാദരോഗിയായി കാട്ടിലെ ഗുഹയിലേക്ക് താമസം മാറ്റിയ ശേഷം മധു വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് വരാറുണ്ടായിരുന്നുള്ളൂ. 2018 ഫെബ്രുവരി 22ന് സംഭവ ദിവസം നാട്ടുകാര്‍ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവന്നുവെന്ന കേട്ടറിവില്‍ ഓടിയെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം മകന്റെ ചേതനയറ്റ ശരീരമാണ് അമ്മ മല്ലി കാണുന്നത്. നീണ്ട നിയമപോരാട്ടത്തിനിടയിൽ അമ്മ മല്ലിക്കും സഹോദരി സരസുവിനും നേരിടേണ്ടിവന്ന യാതനകൾക്ക് അവസാനമില്ല. വീട് കയറിയുള്ള ഭീഷണിയും ഒറ്റപ്പെടുത്തലുമെല്ലാം നിരന്തരമുണ്ടായി. ഉൾക്കാട്ടിലേക്കുള്ള ഊരിലേക്ക് വാഹനം വിളിച്ചാൽ ആരും വരില്ല. കേസിൽനിന്ന് പിൻമാറാൻ വീടും പണവും വാഗ്ദാനം ചെയ്യപ്പെട്ടു. ഒന്നിലും തളർന്നില്ല.
ചിണ്ടക്കി ഊരില്‍നിന്ന് സെക്രട്ടേറിയറ്റിലേക്കും പൊലീസ് മന്ദിരങ്ങളിലേക്കും ഹൈകോടതിയിലേക്കുമുള്ള നിരന്തര അലച്ചിലുകൾ. തുടക്കത്തിൽ സഹായത്തിന് ആരുമുണ്ടായിരുന്നില്ല. വിചാരണ തുടങ്ങുന്നതിന് മുമ്പുള്ള നാല് വർഷമെന്ന വലിയ കാലയളവ് പ്രതികൾ അവസരോചിതമായി ഉപയോഗിച്ചു. പ്രോസിക്യൂട്ടർമാർ മാറുകയും വിചാരണ അനന്തമായി വൈകുകയും ചെയ്തപ്പോഴും നിരാശരായില്ല. സാക്ഷികൾ പലരും വന്ന് പൈസ ചോദിച്ചു. വണ്ടിക്കൂലി നൽകാൻപോലും മല്ലിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല. നിന്നനിൽപ്പിൽ അടുത്ത ബന്ധുക്കളടക്കം കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞപ്പോഴും പ്രതീക്ഷ കൈവിടാതെ മല്ലിയും സരസുവും പൊരുതി.
വിചാരണവേളയിൽ സാക്ഷി സംരക്ഷണ സ്കീം നടപ്പാക്കാൻ പ്രോസിക്യൂഷൻ എടുത്ത തീരുമാനമാണ് കേസിന്റെ ഗതി മാറ്റിയതെന്ന് സരസു പറയുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കുകയും വീണ്ടും റിമാൻഡിലാകുകയും ചെയ്തപ്പോൾ നീതി പുലരുമെന്ന പ്രതീക്ഷ കൈവന്നു. സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന് പുറമേ പൊലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സാധാരണക്കാരുമടക്കം നിരവധിയാളുകൾ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിൽ തുണയായതായി ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.