പത്തനാപുരം: നിരാലംബരായ കിടപ്പുരോഗികൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി മാധ്യമം. കിടപ്പുരോഗികള്‍ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സംസ്ഥാന വ്യാപകമായി വിവിധ പാലിയേറ്റിവ് സ്ഥാപനങ്ങൾക്ക് കൈമാറുന്നതാണ് പദ്ധതി. മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ വി കെയർസ് പദ്ധതിയുടെ ഭാഗമായ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവനില്‍ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് നിർവഹിച്ചു.
ഇപ്പോൾ നൽകിയ ഉപകരണങ്ങൾ കൂടാതെ, മാധ്യമം ഹെൽത്ത് കെയറിൽനിന്ന് ഒരു വർഷത്തേക്ക് എല്ലാ മാസവും നിശ്ചിത തുകക്കുള്ള മരുന്നുകൾ ഗാന്ധിഭവന് നൽകാനും ‘വെളിച്ചം’ പദ്ധതിയിൽ സ്പെഷൽ സ്കൂളിന് പത്രവും ആനുകാലികങ്ങളും നൽകാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിഭവൻ നടത്തുന്ന ‘സ്നേഹ പ്രയാണം ആയിരം ദിനങ്ങൾ’ എന്ന പരിപാടിയുടെ 886ാം ദിന പ്രഭാഷണവും പി.എം. സാലിഹ് ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. പുനലൂർ സോമരാജനും ജീവനക്കാരും ചേര്‍ന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ്, കൊല്ലം ബ്യൂറോ ചീഫ് എം. ഷറഫുല്ലാഖാൻ, ഹെൽത്ത് കെയർ ട്രസ്റ്റ് മാനേജർ വി.എസ്. സലിം, സാംസ്കാരിക പ്രവര്ത്തകൻ എസ്. സുവര്‍ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് നന്ദി പറഞ്ഞു.
എയർബെഡ്, വീൽചെയർ, വാക്കർ, കട്ടിൽ, നെബുലൈസർ, അഡ്ജസ്റ്റബിൾ ബാക്ക് റെസ്റ്റ്, ഓക്സിജൻ സിലിണ്ടർ വിത്ത് േഫ്ലാ മീറ്റർ, ഓക്സിജൻ കോൺസട്രേറ്റർ, വാക്കിങ് സ്റ്റിക്ക്, സെക്ഷൻ അപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളാണ് നൽകുന്നത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ, അഞ്ചൽ ഹാർട്ട് ഹബ്, കൊല്ലം കരിക്കോട് ഒരുമ, തൃശൂർ അയ്യന്തോളിലെ ഷിഫ പാലിയേറ്റിവ്, കോഴിക്കോട് ആയഞ്ചേരിയിലെ നന്മ പാലിയേറ്റിവ്, കൊച്ചി പെരുമ്പടപ്പ് ഹോളിക്രോസ് ഹോസ്പിസ്, ആലപ്പുഴ വണ്ടാനം കരുണ പാലിയേറ്റിവ്, തൊടുപുഴ ദയ പാലിയേറ്റിവ്, മുണ്ടക്കയം വെൽകെയർ പാലിയേറ്റിവ് എന്നിവിടങ്ങളിലും ഈ വർഷം തന്നെ ഉപകരണങ്ങൾ വിതരണം ചെയ്യും.
ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ മാധ്യമം അഡ്മിൻ ഓഫിസർ എ. അബ്ദുൽ ബാസിത്, ബി. ഉബൈദ്ഖാന്‍, അശ്വിന് പഞ്ചാക്ഷരി, ഹനീഫ്, സാജിദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.