കൊല്ലം: ഓരോ വീട്ടിലും വിഷരഹിതമായ പച്ചക്കറി കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷയിൽ പുതുചുവടുകൾ വെക്കാൻ സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് ‘മാധ്യമം’ നടപ്പാക്കുന്ന ‘സമൃദ്ധി’ വിത്ത് വിതരണത്തിന് തുടക്കമായി. കൃഷി വകുപ്പിന്റെ വി.എഫ്.പി.സി.കെ കേന്ദ്രം മുഖേന ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ജീവിതശൈലീരോഗങ്ങൾ ഉയർന്നുനിൽക്കുന്ന അവസ്ഥയിൽനിന്ന് മുക്തിനേടുന്ന നവകേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് സാധ്യമായ എല്ലാ മണ്ണിലും കൃഷിയിറക്കുകയാണ് പോംവഴിയെന്ന് മന്ത്രി പറഞ്ഞു. വീടുകളും പറമ്പുകളും കൃഷിയിടങ്ങളാകുന്നത് ലക്ഷ്യമിട്ടുള്ള പോഷക സമൃദ്ധി മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുക്കളത്തോട്ടങ്ങളിൽ പച്ചക്കറികൾ വിളയിച്ച് കാർഷിക രംഗത്തെ സ്വയംപര്യാപ്തതക്ക് വഴിയൊരുക്കുകയാണ് ‘സമൃദ്ധി’ പദ്ധതിയിലൂടെ ‘മാധ്യമം’.
ഞായറാഴ്ചത്തെ പത്രത്തിനൊപ്പം വിത്തും
കൃഷിവകുപ്പിന്റെ വി.എഫ്.പി.സി.കെ കേന്ദ്രം മുഖേന ലഭ്യമാക്കിയ പച്ചക്കറി വിത്തുകൾ ‘മാധ്യമം’ വരിക്കാർക്കും ഞായറാഴ്ചത്തെ പത്രത്തിനൊപ്പം സൗജന്യമായി വിതരണം ചെയ്യും. നാലിനം വിത്തുകൾ അടങ്ങിയ പാക്കറ്റാണ് വാരാദ്യ മാധ്യമം ‘സമൃദ്ധി’ പ്രത്യേക പതിപ്പിനൊപ്പം വായനക്കാരിലെത്തുക. കൃഷിക്ക് സഹായകമായ അറിവുകളും പ്രചോദനാത്മകമായ അനുഭവങ്ങളും ‘സമൃദ്ധി’ പതിപ്പിൽ വായിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.