തിരുവനന്തപുരം: മുൻ ദേശീയ അത്ലറ്റ് വി.ആർ. സവിതക്ക് ജീവിതമെന്നാൽ സന്തോഷവും സന്താപവും മാറിമാറി ഒപ്പമോടുന്ന റിലേ മത്സരമാണ്. സ്വകാര്യ സ്കൂളിലെ കായികാധ്യാപികയെന്ന വരുമാനമാർഗത്തിന് പുറമേ സ്വയം പഠിച്ചെടുത്ത തയ്യൽപണിയിലൂടെയും ജീവിതം തുന്നിയെടുക്കുേമ്പാൾ വീടെന്ന സ്വപ്നം അടുക്കും തോറും അകലുന്ന ഫിനിഷിങ് ലൈനായി. കാലം മറന്ന ഇൗ കായികപ്രതിഭയെ അക്ഷരവീടിെൻറ ആദരവ് തേടിയെത്തുേമ്പാൾ ഇൗ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്.
‘മാധ്യമം’ ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും സംയുക്തമായൊരുക്കുന്ന അക്ഷരവീട് പദ്ധതിയിലെ അഞ്ചാം വീട് പാറശ്ശാല ഉദിയൻകുളങ്ങരക്ക് സമീപം ചെങ്കൽ പഞ്ചായത്തിലെ വലിയകുളത്താണ് നിർമിക്കുന്നത്.
വ്ലാത്താങ്കര സെൻറ് പീറ്റേഴ്സ് യു.പി.എസിൽ പഠിക്കുേമ്പാൾ കായികാധ്യാപകൻ സൈമൺ ആണ് സവിതയിലെ കായികതാരത്തെ തിരിച്ചറിയുന്നത്. 1996ലെ അഖിലേന്ത്യ ജൂനിയർ അമച്വർ മീറ്റിൽ 1500മീറ്ററിൽ സ്വർണം നേടി. 97ലെ മീറ്റിൽ ഇതേ ഇനത്തിൽ വെള്ളി. 1996ലെ ദേശീയ സ്കൂൾ ഗെയിംസിലും 1500 മീറ്ററിൽ സ്വർണത്തിളക്കമുണ്ടായിരുന്നു. 97ലും 98ലും ഇതേ ഇനത്തിൽ വെള്ളി നേടി. 1996ലെ ദേശീയ അമച്വർ അത്ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെള്ളിയും 97ൽ 800 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി.
2000ലെ അഖിലേന്ത്യ അന്തർ സർവകലാശാല മീറ്റിൽ 4x400മീ. റിലേയിൽ വെള്ളി നേടിയ കേരള യൂനിവേഴ്സിറ്റി ടീമിൽ അംഗമായിരുന്നു. 800 മീറ്ററിൽ വെള്ളിയും നേടി. ഇക്കാലയളവിൽ നടന്ന ദേശീയ അമച്വർ അത്ലറ്റിക് മീറ്റിൽ ട്രിപിൾ ജംപിലും സുവർണ നേട്ടം വരിച്ചു. 1998ൽ കേരള ഹോക്കി ടീമിൽ അംഗമായെങ്കിലും അത്ലറ്റിക്സിൽ തന്നെയായി മുഴുവൻ ശ്രദ്ധയും. വിവാഹശേഷമാണ് കായികാധ്യാപനത്തിൽ ബിരുദം നേടുന്നത്. 2008 മുതൽ ഏഴു വർഷത്തോളം ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിൽ കായികാധ്യാപികയായിരുന്നു. കുട്ടികളെ വോളിബാൾ പരിശീലിപ്പിക്കുന്നതിനിടെ കാലിന് പരിക്കേറ്റത് ഇവിടെവെച്ചാണ്.
രണ്ടുവർഷമായി നെയ്യാറ്റിൻകര വിദ്യാഭാരതി സ്കൂളിലാണ്. ഇവിടെനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് മാതാപിതാക്കളായ വെൻ സെൻസിലാസ്, രാധ, മക്കളായ ഷോൺ വിൽസൻ (പത്താം തരം, ജി.വി രാജ സ്കൂൾ), ഗ്രാന ഗ്രേസ് വിൽസൻ (ഏഴാംതരം, വിദ്യാഭാരതി സ്കൂൾ) എന്നിവരടങ്ങുന്ന കുടുംബം കഴിഞ്ഞുപോകുന്നത്. വാടകവീട്ടിലാണ് താമസം. പദ്ധതിയിലെ മറ്റ് നാല് വീടുകൾ നിർമാണ ഘട്ടങ്ങളിലാണ്. ഏപ്രിൽ 15ന് തൃശൂർ തളിക്കുളത്ത് കായികപ്രതിഭ രഖിൽ ഘോഷിനായി ‘അ’ എന്ന ഭവനത്തിന് തറക്കല്ലിട്ടായിരുന്നു തുടക്കം. ആദ്യകാല നടി ജമീല മാലിക്കിനായി തിരുവനന്തപുരം പാലോടാണ് സ്നേഹവീട് ഒരുങ്ങുന്നത്. വയനാട് കണിയാമ്പറ്റയിലെ അഭിനുവിനും കലാകാരനായ പിതാവ് അജികുമാർ പനമരത്തിനും കേരള പൊലീസ് ഫുട്ബാൾ ടീമിൽ അതിഥി താരമായിരുന്ന അരീക്കോട്ടുകാരൻ കോഴിശ്ശേരി കെ. മെഹബൂബിനുമാണ് മറ്റ് രണ്ട് വീടുകൾ സമ്മാനിക്കുന്നത്. പ്രമുഖ വാസ്തുശിൽപി ജി. ശങ്കറിേൻറതാണ് രൂപകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.