ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതി മനോതോഷ് ബിശ്വാസ്

ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കവർന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളുരുവിൽ നിന്നും എറണാകുളം റൂറൽ പൊലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്.

കേരളത്തിൽ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയിൽ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതിൽ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ജില്ല പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

തൃശുരിൽ മൂന്നു പേരുടെ അക്കൗണ്ടുകളിൽ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തു. ഓൺലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽ നിന്നും യൂസർ ഐഡിയും, പാസ്​വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാൾ കേരളത്തിൽ വന്ന് വ്യാജ ആധാർ കാർഡും, വോട്ടേഴ്സ് ഐ.ഡിയും നിർമ്മിച്ച് വിവിധ മൊബൈൽ കമ്പനികളിൽ നിന്നും അക്കൗണ്ട്​ ഉടമകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും.

അതിനു ശേഷം ഈ സിമ്മിലേക്ക് ഒ..ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുകയാണ് ചെയ്യുന്നത്. യഥാർത്ഥ സിം ഉള്ളയാൾ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽ നിന്നും വരുന്ന മെസേജ് അറിയുകയുമില്ല. മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബി.എസ്.എൻ.എല്ലിൻറെ രണ്ട് ഓഫിസുകൾ വഴിയാണ് വാങ്ങിയത്. അഞ്ച്​ ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിൻവലിച്ചിരിക്കുന്നത്.

പണം പോയിരിക്കുന്നത് കൊൽക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടിലേക്കും. തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും പണം എടുത്തത് ആലുവയിലെ മൊബൈൽ ഓഫിസിൽ നിന്നും കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ്. ജില്ല പൊലീസ് മേധാവി കെ.കാർത്തികിൻറെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘം ബംഗളുരുവിൽ വലിയൊരു ഓപ്പറേഷന് തയാറെടുക്കുകയായിരുന്നു. കേരളത്തിൽ കൂടുതൽ പേരുടെ പണം ഇത്തരത്തിൽ തട്ടിപ്പു സംഘം കരസ്ഥമാക്കിയെന്നാണ് സൂചന. സൈബർ സി.ഐ കെ.ജി. ഗോപകുമാറിനാണ് അന്വേഷണ ചുമതല.

Tags:    
News Summary - main accused who stealed crores from kerala through online fraud arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.