ചാവക്കാട്: അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സഫലമാക്കാനാണ് ബിനോയ് തോമസ് (44) കുവൈത്തിലേക്ക് ജോലിക്കു പോയത്. അവിടെയെത്തി ഒരാഴ്ച തികഞ്ഞ ദിവസം സ്വപ്നങ്ങളെ കരിച്ചുകളഞ്ഞ് തീഗോളങ്ങൾ അദ്ദേഹത്തിന്റെ ജീവനെടുത്തു. ജൂൺ അഞ്ചിനായിരുന്നു കുവൈത്ത് യാത്ര.
പിറ്റേ ദിവസംതന്നെ ജോലിക്കു കയറി. തിരുവല്ല സ്വദേശിയുടെ ഹൈപ്പർ മാർക്കറ്റിലായിരുന്നു ജോലി. സംഭവദിവസം ജോലി കഴിഞ്ഞെത്തിയ ബിനോയ് പുലർച്ച വരെ ഭാര്യ ജിനിതയുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് രണ്ടര മണിക്കൂർ കഴിഞ്ഞാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയാണ്. വർഷങ്ങളായി പാവറട്ടിയിൽ ഫൂട്ട് വെയർ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. അതിനിടെ പരിചയപ്പെട്ട തെക്കൻ പാലയൂർ സ്വദേശി ജിനിതയുമായി അടുപ്പത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ഏഴു വർഷത്തോളമായി ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മൂന്നു മാസം മുമ്പാണ് സ്ഥലം വാങ്ങി അവിടെ ഹോളോബ്രിക്സിൽ ഇരുമ്പുഷീറ്റ് മേഞ്ഞുണ്ടാക്കിയ ഷെഡിലേക്കു മാറിയത്. ഈ ഷെഡ് ഒരു വീടാക്കാനുള്ള മോഹമാണ് ബിനോയിയെ കുവൈത്തിലെത്തിച്ചത്.
തീപിടിച്ച കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു ബിനോയിയുടെ താമസം. പുതിയ ആളായതിനാൽ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. ജോലിക്കെത്താത്തതിനെ തുടർന്ന് അദ്ദേഹത്തെ കാണാനില്ലെന്ന അറിയിപ്പാണ് ആദ്യം നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.