സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്ന എന്‍.എസ്.എസ്. സ്വന്തം സ്ഥാപനങ്ങളില്‍ പാവപ്പെട്ട സമുദായാംഗങ്ങളെ തഴയുന്നു: എ.കെ. ബാലന്‍ ഗുരുവായൂര്‍: സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്ന എന്‍.എസ്.എസ് സ്വന്തം സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പാവപ്പെട്ട സമുദായാംഗങ്ങളെ പരിഗണിക്കുന്നില്ലെന്ന് സി.പി.എം കേന്ദ്ര സമിതി അംഗം എ.കെ. ബാലന്‍. കൈയില്‍ കാശില്ലാത്ത നായര്‍ സമുദായാംഗങ്ങള്‍ക്ക് എന്‍.എസ്.എസ് സ്ഥാപനത്തില്‍ ജോലി ലഭിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലന്‍. ക്ഷേത്ര ഭൂമി കൈയേറിയത് ഇപ്പോഴും പലരുടെയും കൈവശമുണ്ടെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താലാണ് എന്‍.എസ്.എസ്. തെരഞ്ഞെടുപ്പ് കാലത്ത് സമദൂരം പറഞ്ഞ് ഒതുങ്ങി നില്‍ക്കുന്നത്. എന്‍.എസ്.എസിന്റെ സംഭാവനകളെ സംബന്ധിച്ച് മതിപ്പുകുറവൊന്നുമില്ലെന്നും ബാലന്‍ പറഞ്ഞു. ഞങ്ങളെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്ന് തുറന്ന് പറയാന്‍ മടിക്കാത്ത ഭരണാധികാരികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. രാഷ്ട്രീയ അധികാരികള്‍കളുടെ താളത്തിന് തുള്ളുന്നതല്ല നമ്മുടെ ജുഡീഷ്യറി എന്നതാണ് ഇപ്പോഴത്തെ ഒരു പ്രതീക്ഷ.
അടുത്ത തെരഞ്ഞെടുപ്പോടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും ബാലന്‍ പറഞ്ഞു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ, സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, സി.ഐ.ടി.യു ദേശീയ സമിതി അംഗം ആര്‍.വി. ഇഖ്ബാല്‍, എ.എസ്. മനോജ്, ടി.കെ. അനില്‍കുമാര്‍, പി. പരമേശ്വരന്‍, മിനി പാലക്കാട്, ശശികുമാര്‍ പേരാമ്പ്ര, പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.