തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചയിൽ മലപ്പുറം ജില്ല രൂപവത്കരണത്തെക്കുറിച്ചുള്ള കെ.ടി. ജലീലിന്റെ പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഇ.എം.എസ് സർക്കാർ ജില്ല രൂപവത്കരിക്കുന്ന ഘട്ടത്തിൽ ജനസംഘത്തിനൊപ്പം ചേർന്ന് ജില്ലക്കെതിരെ നിലകൊണ്ടവരാണ് കോൺഗ്രസുകാരെന്നും ‘എന്തിന് വീണ്ടുമൊരു പാകിസ്താൻ’ എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിച്ചതെന്നുമായിരുന്നു കെ.ടി. ജലീൽ പറഞ്ഞത്.
ഇതോടെ, പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ്, സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി പ്രതിഷേധവുമായി നിലകൊണ്ടു. ഇതിനിടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ജലീൽ ഉന്നയിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. രാജ്യവിഭജനത്തെ എതിർത്ത പാർട്ടിയാണ് കോൺഗ്രസ്. അത്തരമൊരു പാർട്ടിക്കെതിരെ പാകിസ്താൻ പരാമർശം ആരോപിക്കുന്നത് ഗാന്ധിനിന്ദയാണെന്നും സഭാരേഖകളിൽനിന്ന് കെ.ടി. ജലീലിന്റെ പരാമർശങ്ങൾ നീക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞശേഷം ചർച്ച പുനരാരംഭിച്ചെങ്കിലും വീണ്ടും സമാന ആരോപണങ്ങൾ ജലീൽ നിരത്തി. ജനസംഘത്തിന്റെ കൂടെ ചേർന്ന് കോൺഗ്രസ് ‘‘എന്തിനാണ് കുട്ടിപാകിസ്താൻ’ എന്ന് ചോദിച്ചുവെന്നായി ജലീൽ. ഇതോടെ വീണ്ടും പ്രതിപക്ഷ ബഹളം.
പരിശോധിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കിയ കാര്യം വീണ്ടും ആവർത്തിച്ചതിലൂടെ സഭയെയും സ്പീക്കറെയും അവഹേളിച്ചെന്നും സതീശൻ ആരോപിച്ചു. സ്പീക്കറുടെ ഇടപെടലിൽ വിവാദ പരാമർശങ്ങളില്ലാതെ ജലീൽ സംസാരം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.